മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബിലാൽ. തിയേറ്ററുകളിൽ പരാജയമായിരുന്നു എങ്കിലും സിനിമാപ്രേമികളുടെ ഉള്ളിൽ സ്ഥാനം നേടി എടുത്ത ചിത്രമായിരുന്നു ബിഗ് ബി. അമൽ നീരദ് എന്ന സംവിധായകനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതും ഈ ചിത്രം തന്നെ . കാലമെത്രകഴിഞ്ഞാലും ബിഗ് ബി എന്ന സിനിമയും സിനിമയിലെ സംഭാഷണങ്ങളും മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികൾ ഉള്ളിടത്തോളം കാലം നാം ആവർത്തിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെയാണ് ബിലാൽ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കാനുള്ള കാരണത്തിൽ ഒന്നും.
ചിത്രത്തെ കുറിച്ച് കുറച്ചു നാളുകളായി വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ സൗബിൻ അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർ വീണ്ടും ആവേശത്തിൽ ആയിരിക്കുന്നത്. ബിഗ് ബി എന്ന ക്യാപ്ഷനോട് കൂടി അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സൗബിൻ.ഇതോടെ ബിലാൽ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. എന്തായാലും മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ബിലാലിന് വേണ്ടി.
ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അമൽ നീരദിന്റെ തന്നെ വരത്തൻ, ഈ അടുത്ത് റിലീസ് ആയ വൈറസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഷറഫു-സുഹാസ് എന്നിവരായിരിക്കും ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിക്കുക. മലയാളത്തിലെ ഒരു യുവതാരവും മറ്റൊരു ഇൻഡസ്ട്രിയിലെ ഒരു താരവും ഈ ചിത്രത്തിന്റെ ഭാഗമാകും എന്നും പറയപ്പെടുന്നു. എന്തായാലും കാത്തിരിക്കുകയാണ് മലയാള സിനിമാലോകം