മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. അപ്പോൾ മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും 2020 പകുതിയോടെ ചിത്രം റിലീസ് ചെയ്യും എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.
ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദാണ്.അൻവർ റഷീദ് ആണ് സംവിധാനം.
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.