നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബിരിയാണി ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം ചിത്രം നേടിയെങ്കിലും ബിരിയാണിയെ തകർക്കുവാൻ സംഘടിതമായ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് സംവിധായകൻ സജിൻ ബാബു ആരോപിച്ചിരിക്കുന്നത്. തിയറ്ററുകളിൽ ബിരിയാണിക്ക് ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവർ ഇതിൽ അശ്ലീലമുണ്ടെന്നും പടം മോശമാണെന്നും പറഞ്ഞു അവിടെ കളിക്കുന്ന മറ്റ് സിനിമകൾക്കുള്ള ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് സജിൻ പറയുന്നത്.
ഇന്നലെ റിലീസായ ‘ബിരിയാണി’ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി നല്ല പ്രതികരണങ്ങളോടുകൂടി മുന്നോട്ടുപോകുന്നുണ്ട്. ഈ ചിത്രത്തിന് പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും, കോവിഡ് കാലത്ത് ഇതുപോലുള്ള സ്വതന്ത്ര സിനിമയുടെ കൂടെ നിൽക്കുന്ന തിയറ്റർ ഉടമകൾക്കും തിയറ്റർ സ്റ്റാഫിനും നന്ദി പറയുന്നു. അതിനോടൊപ്പം തന്നെ പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം ചില തിയറ്ററുകൾ പ്രദർശനങ്ങൾ വെട്ടിച്ചുരുക്കി പ്രദർശനം തന്നെ നിർത്താൻ ശ്രമിക്കുന്നതായി സുഹൃത്തുക്കളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കേൾക്കുന്ന പരാതികളാണ്. ചില തിയറ്ററുകൾ മനഃപൂർവം പോസ്റ്ററുകൾ നീക്കം ചെയ്തുകൊണ്ട് ബിരിയാണി പ്രദർശനം നിർത്തി എന്ന പ്രതീതി സൃഷ്ടിക്കുന്നു. ഇതേ തിയറ്ററുകളിൽ ബിരിയാണിക്ക് ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവർ ഇതിൽ അശ്ലീലമുണ്ടെന്നും പടം മോശമാണെന്നും പറഞ്ഞു അവിടെ കളിക്കുന്ന മറ്റ് സിനിമകൾക്കുള്ള ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുന്നു. ബിരിയാണിയുടെ മാത്രം ബുക്കിംഗ് ചെയ്യാൻ തടസ്സങ്ങൾ നേരിടുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കാണാൻ പറ്റുന്നില്ല. ഇതിൽ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നതായി സംശയിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങളിൽ വീഴാത്തവരാണ് ഭൂരിപക്ഷം വരുന്ന തിയറ്ററുകളും പ്രേക്ഷകരുമെന്ന് എനിക്കുറപ്പുണ്ട്. എങ്കിലും മുൻപ് എഴുതിയതുപോലെ കേരളത്തിലെ തിയറ്ററുകൾ കപട സദാചാരത്തിന്റെയും നിയമവിരുദ്ധമായ സെൻസർഷിപ്പിന്റെയും സാംസ്കാരിക ഫാഷിസത്തിന്റെയും കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്ന പ്രവണത ചെറുക്കപ്പെടേണ്ടതാണ്. ഒട്ടേറെ സാമ്പത്തിക പരാധീനതകളും കഷ്ടപ്പാടുകളും സഹിച്ചാണ് ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞത്. അതിനെ ഇത്തരത്തിൽ തകർക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്. ഇതിൽ ബന്ധപ്പെട്ടവർ ഉടൻ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. സംവിധായകൻ ജയൻ ചെറിയാൻ്റെ ഇതിനെ സംബന്ധിച്ചുള്ള പോസ്റ്റ് താഴെ കൊടുക്കുന്നു.
“കേരളത്തിലെ സിനിമശാലകളിൽ താരശരീരങ്ങളുടെ വിളായാട്ടപഥങ്ങൾക്ക് പുറത്തുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിന് തീയറ്റർ ഉടമകൾക്കുള്ള വൈമൂഖ്യം അത്ര നിഷ്കളങ്കമാണെന്നു തോന്നുന്നില്ല. ഇന്നലെ സജിൻ ബാബുവിന്റെ ‘ബിരിയാണി’ അങ്കമാലി കാർണിവലിൽ കാണാൻ ശ്രമിച്ചിട്ട് നടന്നില്ല. ടിക്കറ്റെടുക്കാൻ കൗണ്ടറിൽ ചെല്ലുമ്പോൾ മറ്റ് സിനിമകൾ കാണാൻ കാണികളോട് ശുപാർശ ചെയ്യുകയോ അല്ലെങ്കിൽ പതിനഞ്ച് കാണികളുമായി വരു എന്നോ പറയുന്ന കൗണ്ടർ ക്ലർക്കുകളുള്ള ലോകത്തിലെ ഏക സ്ഥലം കേരളമാണെന്നു തോന്നുന്നു. ‘സ്വതന്ത്ര സിനിമകളോടുള്ള ഈ ശത്രുത’ മലയാളസിനിമയെ എവിടെയെത്തിക്കുമെന്ന് കണ്ട് തന്നെയറിയണം.”
തിയറ്റർ ലിസ്റ്റും പ്രദർശനങ്ങളുടെ സമയവും മറ്റും പോസ്റ്ററിലുണ്ട്. നിങ്ങൾ ബിരിയാണി കാണാൻ തിയറ്ററിൽ പോകുമ്പോൾ ഇത്തരം ശ്രമങ്ങൾ കണ്ടാൽ അതിനെ എതിർക്കുക. അവർ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നുമാത്രമല്ല നമ്മുടെ സിനിമാ സംസ്കാരത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും തകർക്കുന്ന നടപടിയാണ്. ചിത്രത്തിന്റെ പ്രദർശനങ്ങൾ തടസ്സം കൂടാതെ നടക്കാനും പരമാവധി പ്രേക്ഷകരിലേക്ക് ഈ ചിത്രത്തെ എത്തിക്കാനും സിനിമാമേഖലയിലെ എന്റെ എല്ലാ സഹപ്രവർത്തകരുടെയും തിയറ്റർ അധികൃതരുടെയും പ്രേക്ഷകരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. കൂടെയുണ്ടാവുമല്ലോ… എന്ന് സ്വന്തം സജിൻ ബാബു.