കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഘം, സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് കരൺ ജോഹർ എന്ന സംവിധായകൻ എന്ന് പ്രിയപ്പെട്ടവനാണ്. കൂടാതെ നിർമാതാവ്, അഭിനേതാവ്, അവതാരകൻ എന്നിങ്ങനെ പല തരത്തിലും പ്രേക്ഷകർക്ക് സുപരിചിതനാണ് കരൺ ജോഹർ. ഇപ്പോഴിതാ ടോവിനോ ചിത്രം മിന്നൽ മുരളിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ടോവിനോയാണ് കരൺ ജോഹറിന്റെ മെസ്സേജ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
“ഹേയ് ടോവിനോ, അങ്ങനെ അവസാനം കഴിഞ്ഞ രാത്രി മിന്നൽ മുരളി കാണുവാൻ അവസരം കിട്ടി. ചിത്രം വളരെയധികം ആസ്വദിച്ചു. വളരെ മികച്ച രീതിയിൽ തന്നെ എടുത്തിട്ടുണ്ട്. എന്റർടൈൻമെൻറ് ഒരു ഘട്ടത്തിലും വിട്ടുകളഞ്ഞിട്ടില്ല. ഒരു അടിപൊളി സൂപ്പർഹീറോ സിനിമ. താങ്കളും തീർച്ചയായും മികച്ചു നിന്നു. അഭിനന്ദങ്ങൾ.. ഏറെ സന്തോഷം.”
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി കടൽ കടന്നും കുതിക്കുകയാണ്. നെറ്റ്ഫ്ല്ക്സിൽ ഇന്ത്യയിൽ ടോപ് 10ൽ ഒന്നാമതായി മിന്നൽ മുരളി തുടരുകയാണ്. അതേസമയം, നെറ്റ്ഫ്ലിക്സിൽ 30 രാജ്യങ്ങളിൽ ടോപ് 10ൽ മിന്നൽ മുരളി എത്തിക്കഴിഞ്ഞു. അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായാണ് 30 രാജ്യങ്ങളിൽ ടോപ് 10 പട്ടികയിൽ മിന്നൽ മുരളി ഇടം നേടിയത്.
ടോവിനോയ്ക്കൊപ്പം തന്നെ ഗുരു സോമസുന്ദരത്തിന്റെ ഷിബുവിനെയും പ്രേക്ഷകർ ഏറ്റെടുത്തു. നെറ്റ്ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുറുക്കൻമൂല എന്ന ഗ്രാമത്തിലെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അരുണ്‍ എ ആര്, ജസ്റ്റിന് മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം.