പ്രിയ വാര്യർ നായികയാകുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി മരിച്ചുപോയ നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. പ്രിയ വാര്യർ ഹോട്ട് ലുക്കിൽ എത്തിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളി കൂടിയായ സംവിധായകൻ പ്രശാന്ത് മാമ്പുള്ളി തന്നെയാണ് ബോണി കപൂർ ചിത്രത്തിന് എതിരായി ലീഗൽ നോട്ടീസ് അയച്ച കാര്യം അറിയിച്ചത്. നടി ശ്രീദേവിയുടെ ജീവിതത്തോടും മരണത്തോടും സാമ്യം ഉണ്ടെന്ന് കാണിച്ചാണ് പരാതി. എന്നാൽ ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണെന്നും ശ്രീദേവി എന്ന പേര് ഒരു കോമൺ നെയിം ആണെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പ്രിയ വാര്യർ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.