മോഹൻലാൽ നായകനായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം പൂർത്തിയായി. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ സ്റ്റിൽസും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹൻലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്ക് വെച്ചപ്പോൾ ആ ചിത്രം ഏറെ വൈറലായിരുന്നു.
ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ് പങ്ക് വെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്യാമറക്ക് മുൻപിൽ ഇത്ര രസകരമായി ലാലേട്ടനെ കാണുന്നത് തന്നെ വളരെ സന്തോഷം പകരുന്നതായിരുന്നുവെന്ന് കുറിച്ച പൃഥ്വിരാജ് ലാലേട്ടന് നന്ദിയും പറയുന്നു. അതോടൊപ്പം തന്നെ തന്നെ ഇത്രയേറെ വിശ്വസിച്ച ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജ് നന്ദി പറഞ്ഞു. എന്നാൽ പോസ്റ്റിന് കമന്റായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇട്ട കമന്റാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ദാദക്ക് തിരികെ വീട്ടിലെത്തുവാൻ സമയമായി എന്നാണ് സുപ്രിയ കമന്റ് ചെയ്തത്.
View this post on Instagram
മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കുന്നു. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.