സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവതിച്ചതോടെ സിനിമ ഷൂട്ടിങ്ങുകള്‍ വീണ്ടും തുടങ്ങുന്നു. ഇപ്പോഴുളള ഷെഡ്യൂള്‍ തീരുന്നതോടെ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഷൂട്ടിങ്ങിനായി തിരിച്ച സംഘങ്ങളും മടങ്ങി എത്തിയേക്കും. സര്‍ക്കാര്‍ ഇന്നലെ നല്കിയ അനുമതി പ്രകാരം പത്തിന് താഴെ ടിപിആര്‍ ഉളള എ,ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സിനിമ ഷൂട്ടിങ് നടത്താം. ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്കായിരിക്കും ഇത്തരം സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുക. ഷൂട്ടിങ്ങിനു കടുത്ത നിയന്ത്രണങ്ങള്‍ ബാധകമാകും. ഇതിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി തെലങ്കാനയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്ക് വരിക.
നിലവില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനാല്‍ പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കില്ല. കുറച്ചു ഭാഗം ചിത്രീകരിച്ചതിന് ശേഷം ഷൂട്ടിങ് സംഘം കേരളത്തിലേക്ക് മടങ്ങും. കൂടാതെ മോഹന്ലല്-ജിത്തു ജോസഫ് ചിത്രമായ 12th മാനും കേരളത്തില്‍ തന്നെ ഷൂട്ടിങ് നടത്തുമെന്ന് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഇതിനായി ഇടുക്കിയില്‍ വലിയൊരു സെറ്റ് ഇട്ടിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ തന്നില്ലെങ്കില്‍ ഈ ചിത്രവും തെലുങ്കാനയിലേക്ക് ഷൂട്ടിങ്ങിനായി പോകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളത്തില്‍ അടച്ചിട്ട തിയറ്ററുകളും നിര്‍ത്തിവെച്ച ഷൂട്ടിംഗുകളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കാതിരുന്നതിനാലാണ് മലയാള സിനിമകളുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയത്. ഇളവുകള്‍ അനുവദിച്ചതോടെ കേരളം ലൊക്കേഷനാകുന്ന സിനിമകളെല്ലാം മടങ്ങിയെത്തും.