റിപ്പബ്ലിക് ദിനത്തിൽ ആയിരുന്നു ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സ്ട്രീമിംഗ് ആരംഭിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. ഹോട്ട് സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ വാച്ച് ടൈമുമുള്ള രണ്ടാമത്തെ സിനിമയായിരിക്കുകയാണ് ബ്രോ ഡാഡി.
ബ്രോ ഡാഡിക്ക് വൻ സ്വീകരണം നൽകിയ പ്രേക്ഷകർക്ക് നടൻ മോഹൻലാൽ നന്ദി അറിയിച്ചു. ബ്രോ ഡാഡി സ്വന്തമാക്കിയ റെക്കോഡുകൾ രേഖപ്പെടുത്തിയ പോസ്റ്റർ പങ്കുവെച്ചായിരുന്നു മോഹൻലാൽ നന്ദി അറിയിച്ചത്. ഡിസ്നി സ്റ്റാർ, ഡിസ്നി+ ഹോട്ട്സ്റ്റാർ, എച്ച്എസ്എം എന്റർടൈൻമെന്റ് നെറ്റ്വർക്കിന്റെ കണ്ടന്റ് മേധാവി ഗൗരവ് ബാനർജിയും ബ്രോ ഡാഡിയുടെ നേട്ടത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ‘ഞങ്ങളുടെ പുതിയ മലയാളം ചിത്രമായ ബ്രോ ഡാഡിക്ക് ഡിസ്നി + ഹോട്സ്റ്റാറിൽ ആദ്യ ദിവസം തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കാഴ്ച സമയം ലഭിച്ചു! ഇന്നത്തെ കാഴ്ചക്കാർക്ക് ഗുണനിലവാരമുള്ള വിനോദത്തിന് ഭാഷ ഒരു തടസ്സമല്ലെന്ന് ഇത് അടിവരയിട്ടു. ബ്രോ ഡാഡിയുടെ അവിശ്വസനീയമായ ടീമിന് ഒരു വലിയ കൈയടി. ഇന്ത്യ നിങ്ങളിൽ ആവേശഭരിതമാണ്!’
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സംഗീതം – ദീപക് ദേവ്. എഡിറ്റിംഗ് – അഖിലേഷ് മോഹന്‍. കലാസംവിധാനം – മോഹന്‍ദാസ്. ഓഡിയോഗ്രഫി – രാജാകൃഷ്ണന് എം ആര്, ചീഫ് അസോസിയേറ്റ് – ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം – സുജിത്ത് സുധാകരന്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഫസ്റ്റ് ലുക്ക് ഡിസൈന്‍ – ഓള്ഡ്മങ്ക്സ്, പബ്ലിസിറ്റി ഡിസൈന്‍സ് – ആനന്ദ് രാജേന്ദ്രന്.