2022 മാർച്ച് വരെയുള്ള സ്പോൺസർഷിപ്പ് ഒപ്പോ പിൻവലിച്ചതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ടൂറിന് ശേഷം വരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ ടൂർ ഇന്ത്യക്ക് പുതിയ സ്പോൺസർഷിപ്പ്. മലയാളിയായ ബൈജു രവീന്ദ്രൻ അമരക്കാരനായ ബൈജൂസ് ലേർണിംഗ് ആപ്പാണ് പുതിയ സ്പോൺസർ. മാർച്ച് 2017 മുതൽ അഞ്ച് വർഷത്തേക്കുള്ള കരാറാണ് ഓപ്പോ എടുത്തിരുന്നത്. എന്നാൽ കരാർ തുക വളരെ വലുതായത് കൊണ്ടും സ്ഥിരതയില്ലാത്തതുമായത് കൊണ്ടാണ് ഓപ്പോ കരാറിൽ നിന്നും ഒഴിവാകുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1079 കോടി രൂപക്കായിരുന്നു ഓപ്പോ കരാർ ഏറ്റെടുത്തിരുന്നത്.
ഒരു ബിലാറ്ററൽ മാച്ചിന് 4.61 കോടി രൂപയും ഒരു ഐസിസി മാച്ചിന് 1.56 കോടി രൂപയുമാണ് ഓപ്പോ ബിസിസിഐക്ക് നൽകിയിരുന്നത്. ബൈജൂസും അതേ തുക തന്നെ 2022 മാർച്ച് 21 വരെ നൽകും. സ്പോൺസർഷിപ്പിന്റെ എല്ലാ അവകാശങ്ങളും ഓപ്പോ ബൈജൂസിന് കൈമാറിയെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൈജൂസ് ബിസിസിഐക്ക് പണം നൽകുന്നതിനോടൊപ്പം തന്നെ ഓപ്പോ ഒരു നിശ്ചിത തുക ബൈജൂസിനും നൽകുമെന്നാണ് അറിയുന്നത്. സെപ്റ്റംബർ 15നാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ മലയാളികൾക്ക് കൂടി അഭിമാനമായി ഇന്ത്യൻ ജേഴ്സിയിൽ BYJUS എന്ന് കണ്ടു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.