മലയാള സിനിമയിൽ നിന്നും ചെറിയ ഒരു ഗ്യാപ് എടുത്ത് മറ്റു ഭാഷകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ സ്വന്തം കുഞ്ഞിക്ക വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അന്യ ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും മോളിവുഡിലെ തന്റെ സ്റ്റാർ വാല്യൂ കുറയാതെ നോക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ് ദുൽഖർ. മറ്റുഭാഷകളിൽ ചിത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതി ഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.80 കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് ഇപ്പോൾ കാസ്റ്റിംഗ് കോൾ വിളിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുടി നീട്ടി വളർത്തിയർക്കും പാലക്കാട് സ്വദേശികൾക്കും മുൻഗണനയുണ്ട്.