ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും മാമി ഫിലിം ഫെസ്റ്റിവലിലും ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം കേരളത്തിലെ തീയറ്ററുകളിൽ എത്തിയ നിവിൻ പോളി – ഗീതു മോഹൻദാസ് ചിത്രം മൂത്തോന് മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. ചെന്നൈയിൽ നടത്തിയ സ്പെഷ്യൽ സ്ക്രീനിംഗ് കണ്ടിറങ്ങിയ സിനിമ ലോകത്തെ പ്രമുഖരുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ലിസ്സി, നരേൻ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, പേരൻപ് സംവിധായകൻ റാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രം കണ്ടിറങ്ങിയ ശേഷം അവരുടെ അഭിപ്രായങ്ങൾ പറഞ്ഞത്.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.