വർഷാവസാനത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘കേശു ഈ വീടിന്റെ നാഥൻ’ എത്തി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കേശുവിനെ കണ്ടിറങ്ങിയ താരങ്ങൾ ഒറ്റ സ്വരത്തിൽ പറഞ്ഞത് ഇതൊരു ചിരിപ്പടമാണെന്ന് ആയിരുന്നു. പ്രിവ്യൂ ഷോ കഴിഞ്ഞ് സംസാരിക്കവേയാണ് താരങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ചിത്രത്തിന്റ പേരിൽ നാദിർഷയ്ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ നടൻ ലാൽ നാദിർഷയുടെ മറ്റ് ചിത്രങ്ങളേക്കാൾ മികച്ച വിജയമായിരിക്കും ഈ ചിത്രമെന്നും പറഞ്ഞു. ചിത്രത്തിൽ പ്രായമായ ആളുടെ വേഷത്തിൽ എത്തിയ ദിലീപിന്റെ പ്രകടനത്തെയും ലാൽ അഭിനന്ദിച്ചു. അത്രയും പ്രായം ദിലീപിന് ഉണ്ടോയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ ദീലീപ് നടത്തിയതെന്നും ലാൽ പറഞ്ഞു. ദിലീപും ഉർവശിയും തകർത്ത് അഭിനയിച്ചെന്നും ആരാണ് മുമ്പിലെന്ന് പറയാൻ കഴിയാത്ത വിധം മികച്ച പ്രകടനമായിരുന്നു ഇരുവരുടേതെന്നും ലാൽ പറഞ്ഞു.
റിയൽ മാനിൽ വിന്ന് വേറൊരാളിലേക്ക് മാറുന്ന അവസ്ഥ ഒരു മാജിക്കാണെന്നും അത് ദിലീപിന് മാത്രം സാധിക്കുന്ന ഒരു മാജിക്കാണെന്നും അത് അതിമനോഹരമായിട്ട് കേശുവിലൂടെ ദിലീപ് പ്രസന്റ് ചെയ്തിട്ടുണ്ടെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. കേശുവിന്റെ അതിശയകരമായ പ്രകടനമാണ് ചിത്രത്തിൽ. കുടുംബപ്രേക്ഷകർ സിനിമ കാണുമ്പോൾ എൻജോയ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ എൻജോയ് ചെയ്യാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
ഒരുപാട് ചിരി പ്രതീക്ഷിച്ച് വരുമ്പോൾ പലപ്പോഴും പ്രതീക്ഷിച്ചത് കിട്ടാതെ വരുമെന്നും എന്നാൽ ഈ സിനിമ അങ്ങനെയല്ലെന്നും പ്രതീക്ഷിച്ച് വന്നതിലും മേലെയാണ് ഇതിനകത്തുള്ള ചിരിയെന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞു. കൺട്രോൾ വിട്ട് ചിരിച്ചു പോകുന്ന ഒരുപാട് രംഗങ്ങളുണ്ട്. സെക്കൻഡ് ഹാഫിൽ ചിരി തുടങ്ങിയാൽ സിനിമ അവസാനിക്കുന്നതു വരെ കൂട്ടച്ചിരിയാണ്. ആ ചിരിയാണ് കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ശക്തിയെന്നും സിദ്ദിഖ് പറഞ്ഞു. ഇങ്ങനെ കൂട്ടച്ചിരി ഉണ്ടാക്കുന്ന ഒരു സിനിമ കുറേ കാലങ്ങൾക്ക് ശേഷമാണ് വന്നതെന്ന് തോന്നുന്നതെന്നും സിദ്ദിഖ് പറഞ്ഞു.