ഭാര്യ പ്രിയ പഠിച്ച സ്കൂളിലെ പൂര്‍വവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാക്കോച്ചൻ. മൈക്കിലൂടെ സംസാരിക്കുന്ന പ്രിയയുടെ സമീപം മകൻ ഇസയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചെറിയ ഒരു കുറിപ്പോട് കൂടിയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘‘പ്രിയപ്പെട്ടവരുടെ കണ്ണുകളിലെ തിളക്കം കാണുന്നതിലും വിലപ്പെട്ടതായി ഒന്നുമില്ല. 20 വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രിയയുടെ ബാച്ചിന്റെ പുനർസംഗമം. ഒരിക്കൽ കൂടെ അവളെ ചെറിയൊരു സ്കൂൾ കുട്ടിയാക്കാൻ സാധിച്ചതിൽ സന്തോഷം. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനവും’’ – കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു.
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.