അദൃശ്യം സിനിമയിൽ ജോജു ജോർജ് പാടിയ പാട്ട് പുറത്തിറങ്ങി. ‘ചന്ദ്രകലാധരൻ തൻ മകനേ’ എന്ന ഗാനമാണ് ജോജു സിനിമയിൽ പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജുവിസ് പ്രൊഡക്ഷൻസിന്റെ യുട്യൂബ് പേജിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ‘പാട്ടും,,ജോജു ചേട്ടൻ പാടിയതും സൂപ്പർ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനറായ ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യുഎഎൻ ഫിലിം ഹൗസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് അദൃശ്യം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം നൂറുദിവസത്തിലധികം നീണ്ടു നിന്നിരുന്നു. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും.
ജോജു ജോർജിനെ കൂടാതെ നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തെന്നിന്ത്യയിലെ പ്രധാനപ്പെട്ട മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാക്ക്യരാജ് രാമലിംഗം ആണ് തിരക്കഥ. ഛായാഗ്രഹണം – പുഷ്പരാജ് സന്തോഷ്. രഞ്ജിൻ രാജ് – സംഗീത സംവിധാനം, ഡോൺ വിൻസന്റ് – പശ്ചാത്തല സംഗീതം. പിആർഒ ആതിര ദിൽജിത്.