മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി ഇനി എത്താനുള്ള ചിത്രങ്ങളില്‍, ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. അമലും നവാഗതനായ ദേവദത് ഷാജിയും ചേര്‍ന്ന് രചിച്ച ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്തിനാലിനു ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. നീട്ടി വളര്‍ത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തു വിട്ടുകൊണ്ടുള്ള കാരക്റ്റര്‍ പോസ്റ്റര്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മൈക്കല്‍ എന്നാണ് ഇതില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മമ്മൂട്ടിയോടൊപ്പം സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍ , വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന് ശ്യാമും എഡിറ്റിംഗ് നിര്‍വഹിച്ചത് വിവേക് ഹര്‍ഷനുമാണ്. മമ്മൂട്ടിയുടെ കരിയറിലെ ഒരു മെഗാ മാസ്സ് സ്റ്റൈലിഷ് ചിത്രമായി ഭീഷ്മ പര്‍വ്വം മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും പുതുവത്സര സമ്മാനമായി അവര്‍ക്കു ലഭിച്ച ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. അമല്‍ നീരദ് തന്നെയാണ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും.
ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം എന്നതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ഇതിനു ശേഷം ബിഗ് ബിയുടെ രണ്ടാം ഭാഗം ആയ ബിലാല്‍ എന്ന ചിത്രത്തിനും മമ്മൂട്ടി- അമല്‍ നീരദ് ടീം ഈ വര്‍ഷം ഒന്നിക്കുന്നുണ്ട്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ബിലാല്‍. നാല് വര്‍ഷം മുന്‍പാണ് ബിലാല്‍ എന്ന ചിത്രം അമല്‍ നീരദ് പ്രഖ്യാപിച്ചത്.