അഭിനേതാവ്, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ചെമ്പൻ വിനോദ് ജോസ്. ഫിസിയോതെറാപ്പിയിൽ ബിരുദധാരിയായ ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച നായകൻ എന്ന ചിത്രത്തിലെ വില്ലനായിട്ടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആമേൻ, ടമാർ പടാർ, സപ്തമശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം, കോഹിനൂർ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ആട്, ഡാർവിന്റെ പരിണാമം, ഈ മ യൗ, പൊറിഞ്ചു മറിയം ജോസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ കൊമേഡിയനായും വില്ലനായും നായകനായുമെല്ലാം അഭിനയിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും ചെമ്പൻ അരങ്ങേറ്റം കുറിച്ചു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, തമാശ, ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവ് കൂടിയാണ് അദ്ദേഹം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കപ്പെട്ടുകൊണ്ടിരിക്കുന്നത് താരത്തിന്റെ ഒരു മാര്യേജ് നോട്ടീസാണ്. സൈക്കോളോജിസ്റ്റായ മറിയം തോമസ് എന്ന പെൺകുട്ടിയാണ് വധു എന്ന് നോട്ടീസിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചെമ്പന്റെ ആദ്യഭാര്യ സുനിത ന്യൂയോർക്കിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ആ ബന്ധത്തിൽ ജോൺ ക്രിസ് ചെമ്പൻ എന്നൊരു മകനുമുണ്ട്. എന്തായാലും ഔദ്യോഗികമായ ഒരു സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.