പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിൽ ഒരുക്കി തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് വിനയൻ. ചിത്രത്തിൽ കഥാപാത്രങ്ങളായി നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങി നിരവധി ചരിത്രപുരുഷന്മാർ ഉണ്ടായിരിക്കും. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സിജു വിൽസണാണ് ചിത്രത്തിലെ നായകൻ. കഥാപാത്രത്തിനായി സിജു വില്സണ് കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. കന്നഡ ചിത്രം മുകിൽ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.
ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് ചെമ്പൻ വിനോദാണ്. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “19-ം നൂറ്റാണ്ടിൻെറ സെറ്റിൽ നായകൻ സിജു വിൽസനോടും..,ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാൻ എത്തിയ ചെമ്പൻ വിനോദിനോടും ഒപ്പം…മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തിട്ടുണ്ട്.” എന്നാണ് ഫോട്ടോ പങ്ക് വെച്ച് സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സത്യൻ മാഷും നിവിൻ പോളിയും ഇതിന് മുൻപ് അഭ്രപാളികളിൽ കായംകുളം കൊച്ചുണ്ണിയായി പകർന്നാടി കൈയ്യടി നേടിയിട്ടുണ്ട്. കൂടാതെ മിനിസ്ക്രീനിൽ മണിക്കുട്ടനും കായംകുളം കൊച്ചുണ്ണിയായി ആരാധകരെ നേടിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.