വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘ചോല’. സനല്‍ കുമാര്‍ ശശിധരന്, ജോജു ജോര്‍ജ്, നിമിഷ സജയന്, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവര്‍ വെനീസ് ചലചിത്രോത്സവത്തില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയർ പ്രദർശനം കാണുവാൻ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ സന്നിഹിതരായിരുന്നു. മുണ്ടുടുത്ത് നാടൻ ശൈലിയിൽ എത്തിയ ജോജു ജോർജിനെ നിറഞ്ഞ കൈയടിയോട് കൂടിയാണ് സദസ് വരവേറ്റത്. ‘മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍!
ഇത് കലക്കി ബ്രോ…’ എന്നാണ് സംവിധായകന് വി.സി അഭിലാഷ് ജോജുവിനും ചിത്രത്തിലെ ടീമിനും ആശംസകൾ നേർന്നുകൊണ്ട് കുറിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നീ ചിത്രങ്ങൾക്കുശേഷം വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ചോല. ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ്.
ജോജു ജോര്‍ജ്, നിമിഷ സജയന്, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങൾ.