സദാചാരവാദികൾക്ക് ഞെട്ടൽ സമ്മാനിച്ച് തീയറ്ററുകൾ നിറച്ച് ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് ഒമർ ലുലു സംവിധാനം നിർവഹിച്ച ചങ്ക്സ്. റോയൽ മെക്ക് ബാച്ചിലെ നാല് ചങ്ക് സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു പെൺകുട്ടിയെത്തുന്നതോടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വർഗീസ്, ഗണപതി, വിശാഖ് നായർ, ധർമജൻ എന്നിവർക്കൊപ്പം ഹണി റോസ്, മറീന മൈക്കിൾ എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രമിറങ്ങിയിട്ട് ഒരു വർഷം പിന്നിടുന്ന ഇന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സാദ്ധ്യതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തന്റെ പേജിലൂടെ പബ്ലിഷ് ചെയ്ത വീഡിയോയുടെ അവസാനമാണ് ചങ്ക്സ് 2വിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു അഡാർ ലവ്, പവർസ്റ്റാർ, ഹാപ്പി വെഡിങ്ങ് 2 തുടങ്ങിയ ചിത്രങ്ങളും ഒമർ ലുലുവിന്റേതായി അന്നൗൺസ് ചെയ്തിട്ടുണ്ട്. ഒമർ ലുലു എന്റർടൈന്മെന്റ്സ് എന്ന പേരിൽ ഇതിഹാസ സംവിധായകൻ ബിനു എസിന്റെ പുതിയ ചിത്രം നിർമിച്ച് നിർമാണ രംഗത്തേക്കും ഒമർ ലുലു കാലെടുത്തുവെക്കുകയാണ്.