സിനിമാപ്രേമികൾക്കും അണിയറപ്രവർത്തകർക്കും സന്തോഷം നൽകുന്ന വാർത്തയുമായി സംസ്ഥാന സർക്കാർ. മാർച്ച് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകൾക്കും 100 ശതമാനം സിറ്റിങ്ങ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാം. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഇത്. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതോടെ തിയറ്ററുകൾ പഴയ ആവേശത്തിലേക്ക് മടങ്ങിയെത്തും.
പ്രഖ്യാപിച്ച അന്നുമുതൽ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പർവം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളേക്കാൾ ഹൈപ്പോടെയാണ് എത്തുന്നത്. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. പതിനാല് വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ തിയറ്ററുകളിൽ സിറ്റിംഗ് കപ്പാസിറ്റി 50% ആയി കുറച്ചിരുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മ പർവ്വം റിലീസ് ചെയ്യുന്നത്. മാർച്ച് ഒന്ന് മുതൽ സംസ്ഥാനത്തെ തിയറ്ററുകളിൽ 100% സിറ്റിംഗ് കപ്പാസിറ്റിയുണ്ട്. ഇതോടെ നിറഞ്ഞ തിയറ്ററുകളിലേക്ക് ആയിരിക്കും മൈക്കിളും കൂട്ടരും എത്തുക. അമൽ നീരദ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന അമൽ നീരദും നവാഗതനായ ദേവ്ദത്ത് ഷാജിയും ചേർന്നാണ്. വമ്പൻ താരനിരയാണ് ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിക്ക് ഒപ്പം അണിനിരക്കുന്നത്. യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മാല പാർവതി, നദിയ മൊയ്തു എന്നിവരാണ് ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ.