പാലക്കാട് മലമ്പുഴയിലെ ചെറാട് മലമുകളിൽ കുടുങ്ങിയ യുവാവിനെ കഴിഞ്ഞദിവസം ഇന്ത്യൻ ആർമി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം ബാബു തന്നെയാണ് താരം. ഒപ്പം ഇന്ത്യൻ സൈന്യത്തിന് ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ചു കേരളം. അവശനിലയിലായ ബാബുവിനെ മലയുടെ മുകളിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാബുവിന്റെ മലകയറ്റവും രക്ഷപ്പെടുത്താൻ സൈന്യമെത്തിയതും എല്ലാം സിനിമയെ വെല്ലുന്ന സ്റ്റൈലിൽ ആയിരുന്നു. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ബാബുവിന്റെ ഈ യാത്രയ്ക്ക് ഉണ്ടെന്നതിനാൽ ഇത് സംബന്ധിച്ച സിനിമാചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
ട്രോളുകളും ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ആര് സിനിമ സംവിധാനം ചെയ്യണം, നായകൻ ആരാകണം എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് എത്തിയിരിക്കുന്നത്. ഒരു ട്രോളിൽ ബാബു ആയി ഷെയിൻ നിഗത്തെയും ലഫ്റ്റനന്റ് ജനറൽ ആയി ടോവിനോ തോമസിനെയും ആണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു ട്രോളിൽ മലയിൽ കുടുങ്ങിയ നായികയായി അന്ന ബെൻ റെഡി ആണ്. സിനിമയ്ക്ക് പേര് ബാബു 45 എന്ന് വേണോ, അതല്ല 45 ബാബു എന്ന് വേണോ എന്നാണ് മറ്റൊരു ചർച്ച. ഒമർ ലുലു ആണ് സിനിമ സംവിധാനം ചെയ്യുന്നതെങ്കിൽ മല ഇറങ്ങിയ ശേഷം ബാബു നേരെ ഗോവയ്ക്ക് പോകുമായിരിക്കും എന്നും ട്രോളൻമാർ പറയുന്നു.
രണ്ടു രാത്രിയും ഒരു പകലുമാണ് ബാബു ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കിൽ കുടുങ്ങിയത്. മലമുകളിൽ നിന്ന് 400 മീറ്ററിലേറെ താഴ്ചയിൽ നിന്നാണ് സൈന്യം രക്ഷിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലൻസിലുമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ബാബുവിന് എതിരെ വനംവകുപ്പ് കേസെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.