വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും പിന്നാലെയാണ് മോഹൻലാൽ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. എന്നാൽ, ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കാരണം മോഹൻലാലിന്റെ ഭാര്യ സുചിത്രയാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സി ജെ റോയ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സി ജെ റോയ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീശക്തി വിജയിച്ചു എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. ‘നല്ല വാർത്ത. 2021 ഡിസംബർ രണ്ടിന് മരക്കാർ നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ. സ്ത്രീശക്തി വിജയിച്ചു. ചെന്നൈയിൽ മരക്കാറിന്റെ പ്രൈവറ്റ് ഷോ കണ്ടതിനു ശേഷം സുചി ചേച്ചി (ശ്രീമതി മോഹൻലാൽ) മികച്ച ദൃശ്യവിരുന്നാകാൻ മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ബോധ്യപ്പെട്ടു. അതിനു ശേഷമുള്ള അത്താഴത്തിന്റെ സമയത്തും ലാലേട്ടൻ, ആന്റണി ജി ഉൾപ്പെടെ ഞങ്ങളെ എല്ലാവരെയും അത് ബോധ്യപ്പെടുത്തുകയും ചെയ്തു. ചിത്രം 2021 ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ലാലേട്ടൻ, ആന്റണിജി, പ്രിയദർശൻ ജി, മരക്കാർ ടീം ഇതൊരു മികച്ച തീരുമാനമാണ്. എല്ലാ ഫിലിം പ്രൊഡ്യൂസേഴ്സ് ആൻഡ് എക്സിബിറ്റേഴ്സ് അസോസിയേഷൻകാർക്കും കേരള സർക്കാരിനും മന്ത്രി സജി ചെറിയാനും നന്ദിയും അഭിനന്ദനവും.’ – മരക്കാർ തിയറ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു കുറിപ്പ് സി ജെ റോയ് പോസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ വരെയുള്ളവരുടെ നിരന്തര ഇടപെടലുകളാണ് ‘മരക്കാറി’ന്റെ തിയറ്റർ റിലീസിന് കാരണമായത് എന്നാണ് റിപ്പോർട്ട്. മരക്കാർ’ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രിയും സർക്കാരും മുൻകൈ എടുക്കുകയായിരുന്നു. മരക്കാർ തിയറ്ററിന് നൽകിയില്ലെങ്കിൽ അത് സർക്കാരിന് നഷ്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു. അതിനു ശേഷമാണ് തിയറ്ററിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.