സോഷ്യമീഡിയയില്‍ സജീവമായ എല്ലാവരും ഇപ്പോള്‍ ക്ലബ്ബ്ഹൗസ് ആപ്പിലാണ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ മീഡിയ ആപ്പില്‍ പുലരുവോളം ചര്‍ച്ചകളും സംവാദങ്ങളുമാണ്. സെലബ്രിറ്റികളും ക്ലബ്ഹൗസില്‍ സജീവമായി കഴിഞ്ഞു. ഒപ്പം പതിവു പോലെ സെലബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും വ്യാപകമാണ്.
ഇപ്പോഴിതാ തങ്ങളുടെ പേരില്‍ ക്ലബ്ഹൗസില്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്ന് പറഞ്ഞിരിക്കുകയാണ് യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും. ഇരുവര്‍ക്കും ക്ലബ്ഹൗസില്‍ അക്കൗണ്ട് ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നുമാണ് ദുല്‍ഖറും പൃഥ്വിയും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആല്‍ഫ എക്സ്പ്ലൊറേഷന്‍ എന്ന കമ്ബനി വഴി പോള്‍ ഡേവിസണ്‍, രോഹന് സേത് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈല്‍ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയില്‍ വലിയ രീതിയില്‍ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.
ആദ്യം സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന ഇന്‍വിറ്റേഷന്‍ മുഖേന മാത്രം ജോയിന്‍ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ഈ ആപ്പ്. എന്നാല്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലേക്ക് എത്തുമ്പോള്‍ അതില്‍ നിന്നും മാറ്റം വരുത്തി ആര്‍ക്ക് വേണമെങ്കില്‍ യൂസര്‍ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പില്‍ അപ്ഡേഷന് വരുത്തിയിട്ടുണ്ട്.
‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇന്‍ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗീതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകള്‍ വഴി നടക്കുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേര്‍ക്ക് വരെ ഒരു ചാറ്റ് റൂമില്‍ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.