മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് എതിരെ സംഘടിതമായ ഡിഗ്രേഡിങ് നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇപ്പോൾ, നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിളയും ഇത്തരം ആക്രമണങ്ങൾക്ക് എതിരം രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഒരു പ്രത്യേക വ്യവസായത്തെയും വ്യക്തികളേയും ലക്ഷ്യമാക്കി നടത്തുന്ന ജുഗുപ്ത്സാവഹമായ ഒളിപ്പോരാട്ടം ലജ്ജാകരവും പ്രതിഷേധാർഹവുമാണ്’ എന്ന് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചു. മരക്കാർ പൊളിഞ്ഞെന്ന് പ്രഖ്യാപിച്ച് പായസം വിതരണം നടത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്.
സന്തോഷ് ടി കുരുവിള കുറിച്ചത് ഇങ്ങനെ, ‘ദേശീയ പുരസ്കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീർത്തിപ്പെടുത്താനും താഴ്ത്തിട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്കളങ്കമായ് സമീപിയ്ക്കാനാവില്ല എന്ന് പറഞ്ഞു കൊള്ളട്ടെ! ഏതൊരു കലാരൂപത്തേയും ക്രിയാത്മകമായ് വിമർശിയ്ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു കലാ ആസ്വാദകനും ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടേ നിരൂപണത്തിനും വിമർശനത്തിനും അതിന്റേതായ സൗന്ദര്യവും കാമ്പും കഴമ്പുമുണ്ടാവും . അത് ഏതൊരു സൃഷ്ടിയുടേയും മാറ്റ് കൂട്ടുകയാണ് ചെയ്യുക പകരം ഒരു പ്രത്യേക വ്യവസായത്തേയും വ്യക്തികളേയും ലക്ഷ്യമാക്കി നടത്തുന്ന ജുഗുപ്ത്സാവഹമായ ഒളിപ്പോരാട്ടം ലജ്ജാകരവും പ്രതിഷേധാർഹവുമാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങൾ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തിൽ തന്നെയാണ് എന്ന് ഒരു കൂട്ടർ “അരസികർ ” കൂടി അറിയണം. നിർമ്മാതാവായ ശ്രീ ആന്റണി പെരുമ്പാവൂരും സഹനിർമ്മാതാക്കളായ ഞാനും ശ്രീ സി.ജെ റോയിയും ഈ നിക്ഷേപത്തെ കുറിച്ചും അതു നൽകി കൊണ്ടിരിയ്ക്കുന്ന നേട്ടങ്ങളെ കുറിച്ചും ഈ നിമിഷവും അങ്ങേയറ്റം അഭിമാനത്തിലാണ്.
പക്ഷെ വിനോദ വ്യവസായത്തെ പ്രത്യേകിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ തുരങ്കം വയ്ക്കാൻ നടത്തുന്ന നീക്കങ്ങളെ ഞങ്ങൾ അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് സമീപിയ്ക്കുന്നത്. വളരെ ചെറിയ ഒരു ന്യൂന പക്ഷം ഏർപ്പെടുന്ന കുത്സിത പ്രവർത്തികളുടെ ഇരകൾ ഇവിടുത്തെ കലാ ആസ്വാദന സമൂഹമാണെന്നതാണ് യഥാർത്ഥ വസ്തുത ! ലോകമാകെ പ്രത്യേകിച്ച് ഇന്ത്യയിൽ നിരവധി പ്രദേശിക ഭാഷാ സങ്കേതങ്ങൾ നേരിടുന്ന പ്രതിസന്ധി ഏവർക്കും അറിവുള്ളതാണ് , പല സംസ്ഥാനങ്ങളും തങ്ങളുടെ ഭാഷയിലുള്ള കലാരൂപങ്ങളെ നിലനിറുത്താനും പരിപോഷിപ്പിയ്ക്കാനും കിണഞ്ഞ് പരിശ്രമിയ്ക്കുന്ന ഒരു കാലഘട്ടമാണിത് . അത്തരുണത്തിലാണ് മലയാളം എന്ന മധുരത്തിൽ നിന്നും വലിയ നിക്ഷേപത്തിലൂടെ വൻ ചലച്ചിത്രങ്ങൾ നിർമ്മിയ്ക്കപ്പെടുന്നത്. സ്വന്തം നാടിനോടും ഭാഷയോടും അവിടുത്തെ കലാകാരൻമാരുമോടുമുള്ള സ്നേഹവും ഗൃഹാതുരത്വവുമാണ് ഈ മണ്ണിൽ നിക്ഷേപമായ് പെയ്തിറുങ്ങത്. മരക്കാർ എന്ന സിനിമയെ സമീപിയ്ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല അത് ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനമാണ്.ഒരു നാടിനെ അവിടുത്തെ സംസ്കാരത്തെ വൈവിധ്യത്തെ ഒക്കെ അടയാളപ്പെടുത്തുന്നത് അതാത് നാടുകളിൽ നിന്നും ഉണ്ടാവുന്ന കലാസൃഷ്ടികളിലൂടെയാണ്. ആ സാമാന്യ ബുദ്ധിയെങ്കിലും ഈ മലയാള രാജ്യ ദ്രോഹികളെ നമുക്ക് പഠിപ്പിയ്ക്കാൻ സാധിയ്ക്കണം.
‘ഭാഷയെ സ്നേഹിക്കുന്നവർക്ക് കലയോട് പ്രണയമുള്ളവർക്ക് അതിനെ ഉപാസിക്കുന്നവർക്ക് ഒരു സംരക്ഷണം അനിവാര്യമെങ്കിൽ ദേവരൂപങ്ങൾ അനിവാര്യമായ ആസുരത കൈവരിയ്ക്കുക തന്നെ ചെയ്യും. എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളോടും കലാകാരൻമാരോടും ചേർന്ന് നിൽക്കുന്ന ഈ മണ്ണിൽ ഇത്തരം ക്ഷുദ്രപ്രവർത്തികൾ മുളയിലേ നുള്ളപ്പെടണം. ഈ നാട് കലാസാംസ്കാരിക ലോകത്തോട് ചേർന്ന് നിൽക്കേണ്ട ഘട്ടമാണിത്. മരുഭൂമികളല്ല മലവാർടികളുടെ സൗരഭ്യമാണ് ഇവിടെ നിറയേണ്ടത്! ഈ സ്വതന്ത്രഭൂവിന്റെ ചരിത്രവും അതിനായ് സമർപ്പിയ്ക്കപ്പെട്ട വീരരുടെ ചരിത്രവും ഉടയാതെ ഇവിടെ രേഖപ്പെടുത്തണം. ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാൽ തിളയ്ക്കണം നമുക്ക് ചോര ഞരമ്പുകളിൽ!’