നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനം. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ലെന്നാണ് വിവരം. കേസില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പ്രതിചേര്‍ക്കില്ല.
ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ച് പിന്മാറുന്നത്. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.
തുടരന്വേഷണ കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.