ഡാകിനി.. ആ പേര് മലയാളികൾക്ക് സുപരിചിതമാണ്. ആറു വയസ്സുകാരനും അറുപത് വയസ്സുകാരനും ഒരേപോലെ ചിരിവിടർത്തുന്ന പേര്. കുട്ടൂസന്റെ കൂടെ കൂടി മായാവിയെ പിടിക്കാൻ നടക്കുന്ന ബാലരമയിലെ ആ കഥാപാത്രം നൽകുന്ന നൊസ്റ്റാൾജിയക്ക് പകരം വെക്കാൻ ഒന്നും തന്നെയില്ല. ആ ഡാകിനിയെ സ്റ്റൈലിഷ് മാസ്സ് ലുക്കിൽ വേറെ ഒരു കാഴ്ചപ്പാടിൽ കണ്ടു നോക്കൂ. അതാണ് സംസ്ഥാന അവാർഡ് ജേതാവായ രാഹുൽ റിജി നായർ ഒരുക്കിയിരിക്കുന്ന ഡാകിനി. ഡാകിനി എന്നത് ഇവിടെ ഒരു വ്യക്തിയല്ല, മറിച്ച് നാല് കൊലമാസ്സ് അമ്മൂമ്മാരുടെ കൂട്ടമാണ്. വ്യത്യസ്ഥമാർന്ന ചിരികൾക്ക് വഴി തെളിക്കുന്ന ഡാകിനി പ്രായത്തിന്റെ മതിൽക്കെട്ടുകൾ തകർത്തെറിയുന്ന ആശയങ്ങൾ നർമത്തിന്റെ രസച്ചരടിൽ കോർത്തെടുത്ത ഒരു സുന്ദരക്കാഴ്ചയാണ്.
മോളിക്കുട്ടി, സരോജ, റോസ്മേരി, വിലാസിനി…പ്രായം കൂടുതൽ ഊർജസ്വലരാക്കിയ നാല് സുഹൃത്തുക്കൾ. വെറും സുഹൃത്തുക്കളല്ല. കൊലമാസ്സ് സുഹൃത്തുക്കൾ. അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന കുട്ടാപ്പി അവർക്ക് ഇട്ടിരിക്കുന്ന പേരാണ് ഡാകിനി. ജീവിതം ഒരു ആഘോഷമാക്കി മുന്നോട്ട് പോകുന്ന അവരുടെ സന്തോഷത്തെ മോളിക്കുട്ടിയുടെ പഴയ കാമുകൻ കുട്ടൻ പിള്ളയുടെ വരവ് ഇല്ലാതാക്കുന്നു. മായൻ എന്ന അധോലോക നേതാവും കൂടി അവരുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. അവയെല്ലാം തരണം ചെയ്ത് പഴയ സന്തോഷം തിരിച്ചെടുക്കാനുള്ള അവരുടെ പോരാട്ടമാണ് ഡാകിനിയുടെ ഇതിവൃത്തം. മനസ്സിൽ ചിരപ്രതിഷ്ഠ പല കഥാപാത്രങ്ങൾക്കും വേറിട്ട ഒരു കാഴ്ചപ്പാടിലൂടെയുള്ള ഒരു അവതരണമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകന്റെ കാഴ്ചപ്പാടുകളെ ഓരോ നിമിഷവും മാറ്റിമറിച്ച് വേറിട്ട രീതിയിൽ ഉള്ള ഒരു അവതരണമാണ് ചിത്രത്തിന്റേത്.
പോളി വത്സൻ, സേതുലക്ഷ്മി, സരസ ബാലുശേരി, സാവിത്രീ ശ്രീധർ എന്നിങ്ങനെ നാല് അമ്മമാരും പ്രേക്ഷകരുടെ നിലക്കാത്ത കൈയ്യടികളാണ് നേടിയിരിക്കുന്നത്. യുവാക്കളുടെ ഊർജസ്വലതയും കൊച്ചുകുട്ടികളുടെ കുസൃതികളുമെല്ലാമായി നിറയുമ്പോഴും അഭിനയത്തിൽ തികഞ്ഞ പക്വതയാണ് നാലുപേരും കാഴ്ച വെച്ചിരിക്കുന്നത്. നാലുപേർക്കും തുല്യ പ്രാധാന്യം തിരക്കഥാകൃത്ത് തന്നെയായ സംവിധായകൻ രാഹുൽ റിജി നായർ നൽകിയിട്ടുണ്ട്. തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നത്. കുട്ടാപ്പിയായി അജു വർഗീസ് ഏറെ ചിരികൾ സമ്മാനിക്കുന്നു. ലുക്കിലും ഒരു വ്യത്യസ്ഥത അജു വർഗീസ് പുലർത്തിയിട്ടുണ്ട്. സൈജു കുറുപ്പ്, അലൻസിയർ, ഇന്ദ്രൻസ്, ചെമ്പൻ വിനോദ് എന്നിവരെല്ലാം ഡാകിനിയിലെ ആഘോഷങ്ങളേയും ആധികളേയും മനോഹരമാക്കി തന്നെ അവതരിപ്പിക്കുന്നതിൽ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഒറ്റമുറി വെളിച്ചം എന്ന തന്റെ ആദ്യചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആ തിരക്കഥയെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ ഒപ്പിയെടുക്കുവാൻ അലക്സ് ജെ പുളിക്കലിന്റെ ക്യാമറക്കണ്ണുകൾക്കും അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിംഗിനും സാധിച്ചു. രാഹുൽ രാജ് ഈണമിട്ട ഗാനങ്ങളും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഡാകിനിയെ കൂടുതൽ സുന്ദരിയാക്കി. പ്രേക്ഷകർക്ക് തീർത്തും വ്യത്യസ്ഥമായൊരു ആഘോഷം തന്നെയാണ് ഡാകിനി എന്ന ഈ ചിത്രം. സൂപ്പർ താരങ്ങളോ വലിയ ബഡ്ജറ്റോ മാത്രമല്ല, ശക്തമായ കഥയും അഭിനേതാക്കളുമാണ് സിനിമയെ മനോഹരമാക്കുന്നത് എന്ന തെളിയിച്ചിരിക്കുകയാണ് ഡാകിനി.