പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഇന്ന് തീയേറ്ററുകളിലെത്തി. ഇന്ത്യയില്‍ മാത്രമായി 10000ത്തിലധികം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം ആരാധകരുടെയും പ്രേക്ഷകരുടെയും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് എത്തിയത്. തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും പുറമെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സൂപ്പർതാരത്തിന്റെ ചിത്രത്തെ വരവേൽക്കാൻ ആയി വലിയ തയ്യാറെടുപ്പുകൾ ആയിരുന്നു ആരാധകർ നടത്തിയിരുന്നത്.
ചിത്രം എത്തുവാൻ ഏതാനും മണിക്കൂറുകൾ അവശേഷിക്കുന്ന സമയത്താണ് തെലുങ്കാനയിൽ പ്രഭാസിന്റെ ഒരു ആരാധകന് ദാരുണാന്ത്യം സംഭവിച്ചത്. തന്റെ വീടിനടുത്ത് ബാനർ വലിച്ചു കെട്ടുവാനായി പോയ 18 വയസ്സിന് താഴെയുള്ള ഒരു ആരാധകൻ കറണ്ട് കമ്പിയിൽ കൈതട്ടി വൈദ്യുതി ആഘാതമേറ്റ് ആണ് മരണമടഞ്ഞത്. വൈദ്യുതി ആഘാതമേറ്റ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു കുട്ടി. ആന്ധ്രയിലും തെലങ്കാനയിലും സഹോ എന്ന ചിത്രത്തെ സ്വീകരിക്കുവാൻ വൈവിധ്യമാർന്ന പരിപാടികൾ ആയിരുന്നു ഒരുക്കിയിരുന്നത്. സൗത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചിത്രത്തിന്റെ ഷോ വെളുപ്പിന് ഒരു മണിമുതൽ ആരംഭിച്ചിരുന്നു.