ദുബായ്: പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് (CSK) തോറ്റെങ്കിലും സി എസ് കെ താരം ദീപക് ചാഹറിന് കഴിഞ്ഞരാത്രി ആനന്ദത്തിന്റേത് ആയിരുന്നു. മത്സരത്തിനു ശേഷം നേരെ പോയി പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. അവർ കണ്ണും പൂട്ടി ‘യേസ്’ പറഞ്ഞതോടെ ഐ പി എല്ലിലെ തോൽവിയെല്ലാം ചാഹർ മറന്നതിനൊപ്പം കാണികളും മറന്നു. പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിനു ശേഷമാണ് ഗാലറിയിൽ എത്തി കാമുകിയോട് വിവാഹാഭ്യത്ഥന നടത്തിയത്. ആദ്യം അമ്പരന്നു പോയെങ്കിലും പിന്നാലെ യുവതി സമ്മതം മൂളുകയായിരുന്നു. ഇരുവരും ആനന്ദനിമിഷത്തിൽ ആലിംഗനം ചെയ്തപ്പോൾ ഗാലറിയിൽ ചുറ്റുമുണ്ടായിരുന്നവർ ഇതിനെ കൈയടിച്ച് സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം നടന്ന ദുബായിലെ സ്റ്റേഡിയത്തിൽ വെച്ച് ആയിരുന്നു ദീപക് തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തത്. പ്രൊപ്പോസ് ചെയ്തതിനു പിന്നാലെ ദീപക് അവരെ മോതിരം അണിയിക്കുകയും ചെയ്തു. തിരിച്ചും മോതിരം അണിയിച്ചതോടെ അത് ഇരുവർക്കും ജീവിതത്തിലെ എക്കാലത്തേക്കുമുള്ള മധുരമുള്ള ഓർമ്മയായി. ‘പ്രത്യേകനിമിഷം’ (Special Moment) എന്ന കുറിപ്പോടെയാണ് ദീപക് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ‘ചിത്രം തന്നെ എല്ലാം സംസാരിക്കുന്നു, എല്ലാവരുടെയും അനുഗ്രഹം’ വേണമെന്നും ഇൻസ്റ്റഗ്രാമിൽ ചാഹർ കുറിച്ചു.
A special moment for @deepak_chahar9! 💍 💛
Heartiest congratulations! 👏 👏#VIVOIPL | #CSKvPBKS | @ChennaiIPL pic.twitter.com/tLB4DyIGLo
— IndianPremierLeague (@IPL) October 7, 2021
ചാഹർ കാമുകിയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് തോറ്റെങ്കിലും നാല് ഓവറിൽ 48 റൺസ് വഴങ്ങി ദീപക് ചാഹർ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. പഞ്ചാബ് ഈ ലക്ഷ്യം ഏഴ് ഓവറും ആറു വിക്കറ്റും ബാക്കി നിർത്തി മറി കടക്കുകയായിരുന്നു.