മമ്മൂട്ടിയുടെ കരിയറിൽ മറക്കാനാവാത്ത ഒരു ചിത്രമാണ് 1987 ൽ റിലീസ് ചെയ്ത ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡൽഹി. മമ്മൂട്ടിക്ക് മികച്ച ഒരു തിരിച്ചുവരവ് ഒരുക്കിക്കൊടുത്ത ചിത്രമായിരുന്നു അത്. മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജി കെ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ന്യൂഡൽഹി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ന്യൂഡൽഹിക്കു വേണ്ടി ക്യാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റ് ആണ് ഈ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ പോകുന്നത് എന്ന വാർത്ത പുറത്തു വിട്ടത് പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ എം എ നിഷാദ് ആണ്. ഇപ്പോഴിതാ ആ വാർത്തകളോട് പ്രതികരിക്കുകയാണ് ന്യൂഡൽഹിയുടെ രചയിതാവായ ഡെന്നിസ് ജോസഫ്.
ഡെന്നീസിന്റെ വാക്കുകൾ:
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് യാതൊരു അറിവും എനിക്കില്ല.
ന്യൂഡൽഹി ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യണമെന്ന് ജയാനന് അതിയായ ആഗ്രഹം ഉണ്ടായിരുന്നത്. 15 വർഷങ്ങൾക്കു മുൻപ് തന്നെ അദ്ദേഹമത് എന്നോട് സൂചിപ്പിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിന് പറ്റിയ കഥ എന്റെ കയ്യിൽ ഇല്ലെന്നു താൻ അന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞത് ആണ്. വിൻസെന്റ് മാഷിനേപ്പോലെ പ്രതിഭാശാലിയുടെ മകൻ മികച്ചൊരു കഥയുമായി വരണമെന്നാണ് എന്റെ ആഗ്രഹം. ന്യൂ ഡൽഹിയുടെ നിർമ്മാതാവ് ജൂബിലി ജോയിക്കും അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് യാതൊരു അറിവും ഇല്ല.