മോഹൻലാലിനെ സൂപ്പർ താരമാക്കിയ രാജാവിന്റെ മകൻ മമ്മൂട്ടിക്ക് താര പദവി തിരികെ നൽകിയ ന്യൂ ഡൽഹി എന്നീ ചിത്രങ്ങൾ രചിച്ച മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാ രചയിതാക്കളിൽ ഒരാൾ ആണ് ഡെന്നിസ് ജോസഫ്. ഇപ്പോൾ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഒരു കാര്യം ഓർത്തെടുക്കുകയാണ് ഡെന്നിസ്. വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ അനുയായിയായ ഗുണ്ടയായി അഭിനയിക്കുവാൻ പല വ്യക്തികളെയും സമീപിച്ചെങ്കിലും പലരും വിസമ്മതിച്ചു.
അപ്പോൾ ആ വേഷം ഏറ്റെടുത്തത് ഇപ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാർ ആയി മാറിയ സുരേഷ് ഗോപിയാണ്. മറ്റാരും അഭിനയിക്കാൻ തയാറാകാത്തത് കൊണ്ട് ആ കഥാപാത്രത്തെ രണ്ട് കഥാപാത്രങ്ങളായി മാറ്റി പുതുമുഖങ്ങളായ സുരേഷ് ഗോപിയെയും മോഹൻ ജോസിനെയും കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനു മുൻപ് ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് ഗോപിയുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട വാണിജ്യ സിനിമയായിരുന്നു ഇത്. അവിടുന്ന് അങ്ങോട്ട് മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ താര പദവിയുടെ പട്ടികയിലേക്ക് സുരേഷ്ഗോപിയും ഉയർത്തപ്പെട്ടു.