വിജയകരമായി പ്രദർശനം തുടരുന്ന അയ്യപ്പനും കോശിയും കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പെട്ടെന്ന് ഒന്നും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ ജെസ്സി. നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ, പോലീസ് ആയിട്ട് കൂടിയും എല്ലാവരോടും സ്നേഹത്തോടെയും സംയമനത്തോടെയും ഉള്ള പെരുമാറൽ, കണ്ടാൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു പോകുന്ന ഒരു പൊലീസുകാരി. അതാണ് ജെസ്സി. നിഷ്കളങ്കമായ ഒരു കഥാപാത്രം മാത്രമായിരിക്കും അതെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ മുന്നേറുമ്പോൾ ജെസ്സിയുടെ പ്രകടനം. പക്ഷേ ആ നിഷ്കളങ്കത ഒട്ടും ചോർന്നു പോയിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.
ആ പുഞ്ചിരിയിൽ നിറഞ്ഞ് നിന്ന പ്രേക്ഷകന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ നിറച്ചാണ് ജെസ്സിയുടെ കരച്ചിലുമെത്തിയത്. ഒപ്പം ആ ഡയലോഗും. ഒരു പക്ഷേ ഒരുപാട് ജീവിതങ്ങൾ പറയാൻ കൊതിച്ചിരുന്ന ഒരു സത്യം തന്നെയാണ് കണ്ണുനീരിനിടയിലും ജെസ്സി പറഞ്ഞത്. അയ്യപ്പൻ നായർക്ക് മാത്രമല്ല കോൺസ്റ്റബിൾ ജെസ്സിക്ക് പോലും യൂണിഫോം എന്നാൽ ഒരു ശക്തി തന്നെയാണ്. നിഷ്കളങ്കർ പൊട്ടിത്തെറിച്ചാൽ അതിന്റെ ആഘാതം ഒട്ടും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല എന്നാണ് സത്യം. അതിന്റെ തെളിവാണ് ഒറ്റയാനെ പോലെ മദിച്ചു നടക്കുന്ന ഒരുത്തനെ ഒന്നുമല്ലാത്ത വിധം തേച്ചൊട്ടിച്ച ആ രംഗം. ആ ഒരു പ്രകടനം എത്ര വാഴ്ത്തിയാലും മതിയാകില്ല. അത് ബിഗ് സ്ക്രീനിൽ തന്നെ കണ്ടറിയണം.
നാല്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രത്തിലെ വാവാച്ചി കണ്ണന്റെ സുമ എന്ന കഥാപാത്രത്തിലൂടെ തന്നെ ഈ കൊട്ടാരക്കരക്കാരി ധന്യയുടെ കഴിവ് മലയാളി തിരിച്ചറിഞ്ഞിട്ടുള്ളതാണ്. തീയറ്റർ & ഡ്രാമയിൽ ബിരുദാനന്തര ബിരുദമുള്ള ധന്യ കൊച്ചി – മുസിരിസ് ബിനാലെയുടെ അസിസ്റ്റന്റ് കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ പോലൊരു സൂപ്പർതാരത്തിന്റെ മുഖത്ത് നോക്കി അത്തരത്തിൽ ഒരു അഭിനയം കാഴ്ച്ച വെച്ച ധന്യക്കൊപ്പം തന്നെ അത്തരത്തിൽ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചെടുത്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയും അഭിനന്ദനങ്ങൾ ഏറെ അർഹിക്കുന്നു. ഇനിയും ഒട്ടേറെ കരുത്താർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തുവാൻ ധന്യക്കാകും എന്നുറപ്പാണ്.