തന്റെ സ്ഥാപനമായ ധർമ്മൂസ് ഫിഷ് ഹബിന്റെ പരസ്യത്തിന് മമ്മൂക്കയെ ഉപയോഗിക്കാന്‍ പോയി ഒടുക്കം ഗാനഗന്ധര്‍വ്വനില്‍ മീന്‍കാരനായ ധര്‍മജനെ കുറിച്ച് രസകരമായി പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ രമേഷ് പിഷാരടി. ഏഷ്യാനെറ്റിന്റെ സിംഗപ്പൂര്‍ ഓണം നെറ്റ് എന്ന പരിപാടിയിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. മമ്മൂക്ക നായകനാകുന്ന ഗാനഗന്ധർവൻ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തും.
ധര്മജന് മൂന്ന് നാല് മീന്‍കട എറണാകുളത്തുണ്ട്. അങ്ങനെ ഇരിക്കെ എന്റെ അടുത്ത് വന്ന് പറഞ്ഞു. ഞാന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ മമ്മൂക്ക മീന്‍ മേടിക്കുന്ന ഒരു സീന്‍ എഴുതുക. എന്നിട്ട് മമ്മൂട്ടിയെ ആ കടയില്‍ കൊണ്ടുവരണം. എന്നിട്ട് ആ കടയില്‍ മമ്മൂക്ക കയറുന്നതും ഇറങ്ങുന്നതും മീന്‍ മേടിക്കുന്നതും ഇവന് മീന്കച്ചവടക്കാരാനായി അഭിനയിക്കുന്നതും എടുക്കാം. അപ്പോള്‍ ആ കടയ്ക്ക് പരസ്യവും കിട്ടും അത് സിനിമയിലൂടെ ട്രെയിലറിലൊക്കെ ഇടുകയും ചെയ്യാമെന്ന്.
ഇതൊക്കെ ഞാന്‍ മമ്മുക്കയുടെ അടുത്ത് ചെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞു ഉല്ലാസ് എന്നു പറയുന്ന കഥാപാത്രം പത്തോ പതിനയ്യായിരം രൂപ കൊണ്ട് മാസം കടന്നു പോകുന്ന ഒരു കഥാപാത്രമാണ്. ഇയാളൊന്നും ധര്‍മജന്റെ പോലുള്ള വലിയ കടയിലൊന്നും ചെന്ന് മീന്‍ വാങ്ങില്ല. അതുകൊണ്ട് മീന്‍ മേടിക്കുന്ന സീന്‍ മാറ്റണ്ട, അവനൊരു സൈക്കിളും കൊണ്ട് വീട്ടില്‍ മീന്‍ കൊണ്ടുവന്ന വില്ക്കട്ടേയെന്ന്. ഗാനഗന്ധര്വ്വന് കാണുമ്പോള്‍ മമ്മുട്ടിയുടെ വീടിന്റെ മുന്നില്‍ കൂടി മീനുമായി സൈക്കിളില്‍ വരുന്ന ധര്‍മജനെ നിങ്ങള്‍ക്ക് കാണാനാകും.