നാളുകളുടെ കാത്തിരിപ്പിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാൽ നായകനായി എത്തുന്ന ചലച്ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആയിട്ടാണ് ചിത്രീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച മീന ഉൾപ്പെടെ നിരവധി താരങ്ങൾ ദൃശ്യം 2 വിൽ അണിനിരക്കുന്നുണ്ട്.
വലിയ സന്നാഹങ്ങൾ ഒരുക്കിയാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ഷൂട്ടിങ്ങിൽ ഉള്ള എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.