അന്തരിച്ച നടി കെ പി എ സി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ ദിലീപും ഭാര്യ കാവ്യ മാധവനും എത്തി. കെ പി എ സി ലളിതയുമായി അടുത്ത ബന്ധമുണ്ടായിരുന്ന താരങ്ങളാണ് ഇരുവരും. സിദ്ധാർത്ഥ് ഭരതന്റെ വീട്ടിൽ രാത്രി തന്നെ എത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അർപ്പിച്ചത്. സിദ്ധാർത്ഥിനെ ചേർത്തണച്ച ദിലീപ് ഏറെ സമയം അവിടെ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്. തൃപ്പുണ്ണിത്തുറയിലെ വസതിയിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ദിലീപിനും കാവ്യ മാധവനും ഒപ്പം ഒട്ടേറെ സിനിമകളിൽ കെ പി എ സി ലളിത അഭിനയിച്ചിട്ടുണ്ട്.
തൃപ്പുണ്ണിത്തുറയിലെ വസതിയിൽ വെച്ച് ഇന്നലെ രാത്രി 10.45ഓടെയാണ് കെ പി എ സി ലളിത വിട വാങ്ങിയത്. കഴിഞ്ഞ കുറച്ചു കാലമായി അസുഖബാധിത ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി അറുന്നൂറോളം അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിൽ സജീവമായതിനു ശേഷമാണ് കെ പി എ സി ലളിത സിനിമയിലേക്ക് കാലെടുത്തു വെച്ചത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ൽ കെഎസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെ ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. സഹനായികയായി പ്രത്യക്ഷപ്പെട്ട അവർ ഹാസ്യവേഷങ്ങൾ ഗംഭീരമാക്കി. സഹനടിയായും പ്രതിനായികയായും അരനൂറ്റാണ്ട് കൊണ്ട് കെ പി എ സി ലളിത ആടിത്തീർത്തത് അറുന്നൂറിലേറെ വേഷങ്ങൾ.
അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതൻ ആയിരുന്നു ഭർത്താവ്. മകൻ സിദ്ധാർത്ഥ് ഭരതൻ അഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. കെ പി എ സി ലളിതയുടെ മരണത്തിൽ മോഹൻലാൽ, മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി അഭിനയ മേഖലയിൽ നിന്നുള്ളവരും സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ളവരും അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.