ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയാണ് ഇത്. പേര് പോലെ തന്നെ ഒരു സമ്പൂർണ കുടുംബചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ എന്നാണ് സൂചന. അറുപതു വയസ് കഴിഞ്ഞ ഒരാളുടെ വേഷത്തിലാണ് ദിലീപ് സിനിമയിൽ അഭിനയിക്കുന്നത്.
സിനിമയ്ക്കു വേണ്ടി ദിലീപ് നടത്തിയ ത്യാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാദിർഷ തന്നെയാണ് കേശു ആകാൻ വേണ്ടി ദിലീപ് നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. കേശു ദിലീപിനു വേണ്ടി എഴുതിയ കഥാപാത്രമല്ലായിരുന്നു എന്ന് നാദിർഷ വ്യക്തമാക്കി. വേണു ചേട്ടനോ അലൻസിയർ ചേട്ടനോ കേശുവിനെ അവതരിപ്പിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും നാദിർഷ പറഞ്ഞു.
പിന്നീട് സുരാജിനെ വെച്ചും ഈ കഥാപാത്രം ആലോചിച്ചിരുന്നെന്നും ആ സമയത്താണ് ദിലീപ് ഈ കഥാപാത്രം ദിലീപിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചതെന്നും നാദിർഷ വ്യക്തമാക്കി. ഇത് വേറൊരു ഗെറ്റപ്പിൽ ചെയ്താലോ എന്നായിരുന്നു ദിലീപിന്റെ ചോദ്യം. ദിലീപിനെ കേശുവാക്കി ഒരുക്കിയത് റോഷൻ എന്ന മേക്കപ്പ്മാൻ ആയിരുന്നു. ദിലീപ് കുറേ കഷ്ടപ്പെട്ടു. തല മുഴുവനായി മൊട്ടയടിച്ചാണ് വിഗ് വെച്ചത്. പകുതി വടിച്ച മുറിമീശയുമായി രണ്ടു മാസത്തോളം നടന്നു. ഒരു വ്യായാമവും ചെയ്യാതെ ശരീരം തടിപ്പിച്ചു. മൂന്നു നേരം ചോറും മറ്റ് ഭക്ഷണങ്ങളും കഴിച്ച് വയറ് ചാടിച്ചെന്നും നാദിർഷ വ്യക്തമാക്കി.