ഒരു ഇടവേളക്ക് ശേഷം ദിലീപ് നായകനാകുന്ന മുഴുനീള കോമഡി ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിക്കുള്ള ബാലൻ എന്ന വക്കീലായിട്ടാണ് ദിലീപ് എത്തുന്നത്. ബാലന് വക്കീല്‍ വെറുമൊരു തമാശക്കാരനല്ല. കാര്യങ്ങള്‍ തിരിച്ചറിയുന്ന, എന്നാല്‍ തെല്ല് അപകര്‍ഷതാ ബോധമൊക്കെയുള്ള ഒരാളാണ് അയാള്‍. താന്‍ എന്താണെന്നറിവുള്ളയാള്. വാക്ക് സാമര്‍ത്ഥ്യം കൊണ്ട് ജീവിക്കേണ്ട വക്കീലിന് വിക്കു വന്നാലോ? അതിനെക്കാള്‍ വലിയ എന്ത് പ്രതിസന്ധിയാണ് ഉണ്ടാവാനുള്ളത്? അതാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം. ഈ ജോണറിലുള്ള ബി ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലൻ വക്കീൽ.
തമാശയുടെ ലോകത്തെ പുതിയ ട്രെൻഡായ ട്രോളുകളെയും അതൊരുക്കുന്ന ട്രോളന്മാരെയും ദിലീപ് പ്രശംസിച്ചു.
തമാശ എന്നത് മനുഷ്യന് ഉള്ളടത്തോളം ഉണ്ടാവുമല്ലോ. അതിന്റെ രൂപത്തില്‍ മാറ്റം വരും. പക്ഷേ, അത് ജീവശ്വാസം പോലെ മനുഷ്യനൊപ്പം ഉണ്ടാവും. മിമിക്രി കേട്ടാലും ട്രോളു കണ്ടാലും എല്ലാരും ചിരിക്കുന്നത് ഒരുപോലെയാണല്ലോ. ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ നര്‍മ്മബോധത്തേയും, ഭാവനാശേഷിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു.
പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിയകോം 18 മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജാണ്. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന് വക്കീലിനുണ്ട്.