രാമലീല എന്ന ചിത്രം മലയാളികൾക്ക് പ്രധാനമായും സമ്മാനിച്ചത് രണ്ടു കാര്യങ്ങളാണ്. അരുൺ ഗോപിയെന്ന കഴിവുള്ള ഒരു സംവിധായകനേയും വീണിടത്ത് നിന്നും പൂർവാധികം ശക്തിയോടെ പുനർജനിച്ച ദിലീപ് എന്ന നടനേയും. ടോമിച്ചൻ മുളകുപ്പാടം എന്ന റിസ്ക്കെടുക്കുന്ന നിർമാതാവിന് ഇതിലുള്ള പങ്ക് മഹത്തരമാണ്. അദ്ദേഹത്തിന് അതിനൊരു ബിഗ് സല്യൂട്ട്. ഇന്നലെ വൈകിട്ട് കലൂർ ഗോകുലം പാർക്കിൽ വെച്ചു നടന്ന രാമലീല 111ാം ദിനാഘോഷത്തിൽ ദിലീപ് അരുൺ ഗോപിയെന്ന സംവിധായകനെ കുറിച്ച് സംസാരിച്ച വാക്കുകൾ തന്നെ ധാരാളമാണ് ആ സംവിധായകന്റെ കഴിവ് മനസ്സിലാക്കാനും ദിലീപിന്റെ രണ്ടാം ജന്മത്തിന്റെ ആഴമറിയാനും. ജനപ്രിയനായകന്റെ വാക്കുകളിലൂടെ… “അരുണിനെ കുറിച്ച് എന്നോട് ശരിക്കും പറഞ്ഞത് ഷാജോണാണ്. ഒരുപാട് സിനിമകൾ മാറ്റിവെച്ചിട്ടാണ് ഷാജോൺ ഈ ചിത്രത്തിൽ അഭിനയിച്ചത്. ഒരുപാട് ഷെഡ്യൂളുകൾ മാറ്റിവെച്ചിട്ടും ഒരു മടിയും കൂടാതെ എന്റെ കൂടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാജോൺ. ഷാജോണാണ് അരുണിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അരുൺ എന്റെ ഒരു ഭയങ്കര ഫാനാണ്. ചെറുപ്പം മുതൽ എന്റെ സിനിമകൾ കണ്ട് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടാണ് എന്നെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാൻ ആഗ്രഹിച്ചത്. ഒരിക്കൽ അരുണിന്റെ അമ്മ വന്ന് എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. ഇവന് ദിലീപെന്നാൽ ജീവനാണ്. ഒരിക്കൽ പാടത്തു കൂടി ഓടിയിട്ടുണ്ട് എന്നെ കാണാൻ. ആരോ പറഞ്ഞത്ര ഞാൻ അവിടെ എവിടെയോ വന്നിട്ടുണ്ടെന്ന്. അങ്ങനെ ചെറുപ്പക്കാലം തൊട്ട് ഒരാൾ ആഗ്രഹിച്ച് ഇഷ്ടപ്പെട്ട ഒരാളെ വെച്ച് ഒരു സിനിമ എടുത്തു. അതിലെ ഏറ്റവും വലിയ സംഭവം എന്താണെന്ന് വെച്ചാൽ എന്റെ ഫാനായ കഴിവുള്ള ഒരു ചെറുപ്പക്കാരൻ വേണ്ടിവന്നു എനിക്കൊരു രണ്ടാം ജന്മമേകാൻ.”
ഇത് പറഞ്ഞ് നിർത്തിയതും നിലക്കാത്ത കൈയ്യടികളായിരുന്നു സദസ്സിൽ നിന്നും. ഒപ്പം ബുദ്ധിമുട്ടുകൾ ഉണ്ടായ സമയത്ത് കൂടെ നിന്ന ‘ഇരട്ടചങ്കുള്ള’ പ്രൊഡ്യൂസർ ടോമിച്ചനും നന്ദി പറയാൻ ദിലീപ് മറന്നില്ല. ദിലീപിന്റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന കമ്മാരസംഭവമാണ്. ദിലീപിന്റെ മൂന്ന് വേറിട്ട ഗെറ്റപ്പുകളുമായെത്തുന്ന ചിത്രം വിഷു റിലീസായി ഈ ശനിയാഴ്ച തീയറ്ററുകളിൽ എത്തും. അതേ സമയം അരുൺ ഗോപി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ടോമിച്ചൻ മുളകുപ്പാടം തന്നെ നിർമിക്കുന്ന പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് അരുൺ ഗോപി ഒരുക്കുന്നത്