നാദിർഷയുടെ സംവിധാനത്തിലുള്ള ഒരു ദിലീപ് ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. വളരെയധികം ജനപ്രീതി നേടിയ ഒരു സംവിധായകനാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചെയ്ത മേരാ നാം ഷാജി എന്ന ചിത്രത്തോടെ സംവിധാനത്തിൽ അല്പം പാളിച്ചകൾ വന്നെങ്കിലും ആരാധകർക്ക് നാദിർഷയെ ഏറെ ഇഷ്ടമാണ്. നാദിർഷയും ദിലീപും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ഉള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് നടൻ ദിലീപ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. കട്ടപ്പനയിലെ ഋതിക് റോഷൻ പോലെയോ അമർ അക്ബർ അന്തോണി പോലെയോ ഒരു ബഹള പടമായിരിക്കില്ല ഇതെന്നും തികച്ചും ഒരു റിയലിസ്റ്റിക് മൂവി ആയിരിക്കുമെന്നും താരം വെളിപ്പെടുത്തി.
നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം ആയതുകൊണ്ട് ചിത്രത്തിലെ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്നും കുറച്ചു കാലതാമസം ഉണ്ടാകും എന്നും ദിലീപ് പറഞ്ഞു. ചിത്രത്തിന് വേണ്ടി രചന നിർവഹിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാടൂർ ആണ്. ദിലീപ് ചിത്രത്തിൽ വേഷമിടുന്നത് ഒരു 65 വയസ്സ്കാരനായിട്ടായിരിക്കും. കല്യാണരാമനിലും കമ്മാരസംഭവത്തിലും ദിലീപ് വൃദ്ധനായി അഭിനയിച്ചത് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ഒരുപാട് മിമിക്രി വേദികളിലും ചാനൽ ഷോകളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് വരാൻ പോകുന്ന ഈ ചിത്രം മികച്ച രീതിയിൽ തന്നെ അണിയിച്ചൊരുക്കാൻ നാദിർഷക്ക് സാധിക്കുമെന്നതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയായി ദിലീപ് ചൂണ്ടിക്കാണിക്കുന്നത്.