വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി നടൻ ദിലീപ്. ‘ഖലാസി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം താരം തന്നെ തന്റെ ഫേസ്ബുക്ക് പേജ് വഴി നടത്തി. ടൈറ്റിൽ പോസ്റ്റരറും പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മിഥിലാജാണ്. കമ്മാരസംഭവം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം ദിലീപും ഗോകുലം മൂവീസും ഒന്നിക്കുന്ന ചിത്രം കൂടിയാകുകയാണ് ഖലാസി.
‘ഇതൊരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിൽ പറയുന്ന വാക്കാണ് ഖലാസി. ഒരു ഉരു പശ്ചാത്തലമാക്കി വടം കൊണ്ടാണ് ഖലാസി എന്ന പേര് എഴുതിയിരിക്കുന്നതായി പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്തുമസിന് പുറത്തിറങ്ങിയ മൈ സാന്റായാണ് ദിലീപിന്റെ അവസാനം റിലീസായ ചിത്രം. വാള് പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിച്ചിരുന്നു.