മലയാള സിനിമയിലെ മികച്ച സംവിധായകനും നിർമാതാവും അഭിനേതാവുമാണ് ദിലീഷ് പോത്തൻ. അൻവർ റഷീദ് ഒരുക്കിയ ഫഹദ് ഫാസിൽ നായകനായെത്തിയ ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സംവിധാനം ചെയ്ത് ആ രംഗത്തേക്ക് കടന്നുവന്ന ദിലീഷ് പോത്തൻ പിന്നീട് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഒരുക്കി സൂപ്പർ ഹിറ്റാക്കി. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റായ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചവരിൽ ദിലീഷ് പോത്തൻ ഉണ്ടായിരുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനേയും മമ്മൂട്ടിയേയും വച്ച് ഒരു ചിത്രം എന്തുകൊണ്ടാണ് ദിലീഷ് പോത്തൻ പ്ലാൻ ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. താൻ നടന്മാർക്ക് വേണ്ടി ഇന്നുവരെ കഥ എഴുതിയിട്ടില്ല എന്നും ഒരു കഥ രൂപപ്പെട്ട് വരുമ്പോൾ അതിനു ചേർന്ന നടൻ ആരാണെന്ന് ചിന്തിക്കാറെ ഉള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പല കഥകൾ എഴുതുമ്പോഴും ലാലേട്ടനും മമ്മൂക്കയും ഒക്കെ തന്റെ മനസ്സിലേക്ക് വരാറുണ്ടെന്നും എങ്കിലും ആ കഥകൾ പൂർത്തിയാക്കാൻ തനിക്ക് സാധിക്കാറില്ല എന്നും അദ്ദേഹം പറയുന്നു. അവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ നല്ല കഥയും ആയിട്ട് വേണം പോകാൻ എന്നും അവരെ വച്ച് ഒരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു.