സിനിമ മേഖലയിലെ ഒരു ഓൾറൗണ്ടർ ആണ് ദിനേശ് പ്രഭാകർ. 18 വർഷം നീണ്ടുനിന്ന അഭിനയജീവിതത്തിൽ മികവുറ്റ കഥാപാത്രങ്ങൾ ഒന്നുമില്ല എങ്കിലും സ്ക്രീൻ സ്പേസ് കിട്ടിയപ്പോഴൊക്കെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഷ്ടതകൾ നിറഞ്ഞ കൗമാരത്തിന്റെയും ബാല്യത്തിന്റെയും കഥകളാണ് അദ്ദേഹത്തിന് പറയാനുള്ളത്. 19 വയസുള്ളപ്പോൾ നാടുവിട്ട് അധോലോകത്തിൽ ചേരുവാൻ പോയ വ്യക്തിയാണ് അദ്ദേഹം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
താരത്തിന്റെ വാക്കുകൾ:
“ഞാൻ എട്ടാം ക്ളാസ് ആയപ്പോഴേക്കും മൂത്ത സഹോദരിമാർക്ക് വിവാഹപ്രായമായി. അങ്ങനെ അവരുടെ വിവാഹാവശ്യത്തിനായി വീടും സ്ഥലവും ഒന്നൊന്നായി വിൽക്കേണ്ടി വന്നു. ഇളയ പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ 5 സെന്റിലുള്ള ഒരു വീട്ടിലേക്കൊതുങ്ങി.എന്റെ കൗമാരകാലത്താണ് കമലഹാസന്റെ നായകൻ, മോഹൻലാലിൻറെ ആര്യൻ പോലുള്ള സിനിമകൾ ഇറങ്ങുന്നത്. അതിൽ ബോംബെയിൽ പോയി അധോലോകനായകരാകുന്ന അവർ എന്റെ തലയിൽ കയറി. അങ്ങനെ 19 ാം വയസിൽ ഞാൻ അധോലോകം അന്വേഷിച്ച് ബോംബെയിലെത്തി. പക്ഷേ കണ്ടെത്തിയില്ല. ഉപജീവനത്തിന് പല പണികൾ ചെയ്തു. ലോറി ക്ളീനർ, ഹോട്ടൽ വെയിറ്റർ മുതൽ മെഡിക്കൽ റെപ് വരെ.. ചെയ്തത് അബദ്ധമായിരുന്നു എന്ന് തിരിച്ചറിവുണ്ടായെങ്കിലും ഒന്നുമാകാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ മനസ്സനുവദിച്ചില്ല.
അവിടുത്തെ മലയാളി സമാജവുമായി കാലക്രമേണ ഒരു ബന്ധം സ്ഥാപിച്ചെടുത്തു. അത് വഴിത്തിരിവായി. അവരുടെ സമ്മേളനങ്ങളിൽ മിമിക്രിയും ഗാനമേളയുമൊക്കെ നടത്തി. അതുവഴി ലഭിച്ച ബന്ധങ്ങൾ വഴി മുംബൈയിലെ പരസ്യചിത്ര മേഖലയിലേക്കെത്തി.മുംബൈയിലെ പരസ്യചിത്രങ്ങളിൽ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റായി കഴിഞ്ഞപ്പോൾ സിനിമാമോഹം ഉണർന്നു. അങ്ങനെ തിരുവനന്തപുരത്തെത്തി. സംവിധായകരോട് ചാൻസ് ചോദിച്ചു കുറേക്കാലം നടന്നു. ഒടുവിൽ ലാൽ ജോസിന്റെ മീശമാധവനിൽ ചെറിയൊരു വേഷം കിട്ടി. പിന്നീട് നമ്മൾ എന്ന സിനിമ. അങ്ങനെ പതിയെ സിനിമകളിൽ സജീവമായി.