കഴിഞ്ഞദിവസം ആയിരുന്നു അഭിനയത്തെക്കുറിച്ച് സംവിധായകൻ അഷഫോൻസ് പുത്രൻ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘ആർട്ടിക്കിൾ ഓൺ ആക്ടിംഗ്’ എന്ന തലക്കെട്ടിൽ ആയിരുന്നു അൽപം ദീർഘമായ കുറിപ്പ്. വളർന്നുവരുന്ന അഭിനേതാക്കൾക്ക് എന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. അഭിനയത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണമാണെന്നും സീരീസിലോ ഫീച്ചർ ഫിലിമിലോ സീരിയലിലോ ഒരു മികച്ച നടനാകാൻ കുറച്ചു കാര്യങ്ങൾ അറിയണമെന്ന് കാണിച്ചാണ് കുറിപ്പ്.
വിവിധ ഷോട്ടുകളിൽ ഒരു നടന്റെ ചലനങ്ങൾ പോലും അയാളുടെ അഭിനയമികവിനെ സ്വാധീനിക്കാമെന്നും അപ്പോൾ അത് എത്രമാത്രം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണെന്നും അൽഫോൻസ് പുത്രൻ കുറിക്കുന്നു. ഒരു ഷോട്ടിൽ നിന്ന് മറ്റൊരു ഷോട്ടിലേക്ക് പോകുമ്പോൾ നടൻ എന്ന നിലയിൽ സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യം ആണെന്നും അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്നവർ സ്വന്തം ഫോൺ ഉപയോഗിച്ച് വ്യത്യസ്ത ഷോട്ടുകൾ പകർത്തി വ്യത്യസ്ത വികാരങ്ങൾ അഭിനയിച്ചു ശീലിക്കുന്നത് നല്ലതായിരിക്കുമെന്നും അൽഫോൻസ് പുത്രൻ കുറിച്ചു.
ഏതായാലും അൽഫോൻസ് പുത്രന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ ഓരോ നടൻമാരെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. അതിൽ ഒരു ആരാധകർ മമ്മൂട്ടിയെക്കുറിച്ച് വാചാലനായി. ‘രണ്ട് ഷോട്ടുകൾക്കിടയിൽ സ്ഥിരത തുടരുന്നതിൽ മമ്മൂക്ക മികച്ചതാണ്. വർഷങ്ങൾക്ക് ശേഷവും അയാൾക്ക് അത് നിലനിർത്താൻ കഴിയും. മരിച്ചു പോയ നടൻ മുരളി ഒരിക്കൽ പറഞ്ഞത് കേട്ടതാണ്’ – എന്നായിരുന്നു ഇയാൾ കുറിച്ചത്. ഇതിന് മറുപടിയായാണ് അൽഫോൻസ് പുത്രൻ ‘നാല് പി എച്ച് ഡിയുള്ള പ്രിൻസിപ്പാളിനെ പോലെയാണ് മമ്മൂക്ക’ എന്ന് കുറിച്ചത്. അൽഫോൻസ് പുത്രന്റെ ആദ്യചിത്രമായ പ്രേമം വൻഹിറ്റ് ആയിരുന്നു. പ്രേമത്തിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് അൽഫോൻസ് പുത്രൻ.