ശ്രീനിവാസൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിങ്ങനെ പല പ്രമുഖർക്കും പിന്നാലെ സംവിധായകനും നടനുമായ ലാലും ട്വന്റി ട്വൻറിയിൽ ചേർന്നു. അദ്ദേഹം ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. കൂടാതെ ലാലിന്റെ മരുമകൻ അലൻ ആന്റണിയും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും ട്വന്റി ട്വന്റിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്വന്റി ട്വന്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടന സംവിധാനം വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ലാലിന്റെ മരുമകൻ അലൻ ആന്റണിയെ ട്വന്റി ട്വൻിയുടെ യൂത്ത് വിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവായ വർഗീസ് ജോർജ് സംഘടനയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിംഗ് കോഡിനേറ്റർ ആയും പ്രവർത്തിക്കും. ദുബായിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വർഗീസ് ജോർജ് ട്വന്റി ട്വന്റി ആശയങ്ങളിൽ ആകൃഷ്ടനായാണ് പുതിയ തീരുമാനമെന്ന് വിശദീകരിച്ചു. വനിതാ വിഭാഗം പ്രസിഡന്റായി സാമൂഹിക പ്രവർത്തകയായ ലക്ഷ്മി മേനോനും ചുമതലയേറ്റെടുത്തു.