തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂർത്തിയാക്കിയത്. ട്രാൻസിലെ നസ്രിയയുടെ നായികാ വേഷത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ അൻവർ റഷീദ്.
സത്യം പറഞ്ഞാല്‍ ട്രാന്‍സില്‍ ആദ്യമൊരു നായിക കഥാപാത്രമില്ലായിരുന്നു. നായകന് മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ കുറേ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോഴാണ് ഒരു മെയില്‍ ഫീമെയില്‍ ലീഡുണ്ടാകേണ്ടത് ശരിക്കും ഒരു സിനിമയുടെ വിജയത്തിന് ആവശ്യമല്ലേയെന്ന് തോന്നിയത്. അങ്ങനെയാണ് ട്രാന്‍സില്‍ ഒരു പ്രധാന സ്ത്രീകഥാപാത്രം വരുന്നത്.
ഫഹദിനും നസ്രിയയ്ക്കും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നൊരു താല്‍പ്പര്യമുണ്ടായിരുന്നു. കംഫര്‍ട്ടബിളായ ഒന്നാണെങ്കില് മാത്രമേ ചെയ്യുകയുള്ളു എന്നവര്‍ തീരുമാനിച്ചിരുന്നു. നമ്മളോട് അവര്‍ താല്‍പ്പര്യമറിയിച്ചു. ആലോചിച്ചപ്പോള്‍ ട്രാന്‍സിലെ ലീഡ് നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. നസ്രിയ ഇതുവരെ ചെയ്തിട്ടുള്ളതു പോലെ കുട്ടിത്തവും നിഷ്കളങ്കതയുമുള്ള കഥാപാത്രമില്ല ഇതിലുള്ളത്. കുറച്ച് മാറിയിട്ടുള്ള ഒരു കഥാപാത്രം. നസ്രിയയ്ക്കും അത് ചെയ്യാന്‍ താല്പ്പര്യമായിരുന്നു.
നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയിൽ തീയറ്ററുകളിലെത്തുകയാണ്. അണിയറ പ്രവർത്തകർ പുറത്തിറക്കിയ പുതിയ പോസ്റ്ററിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുള്ളത്.