കൊറോണഭീതിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ പഠനവും ഓൺലൈനായി തീർന്നിരിക്കുകയാണ്. അതിനിടയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ല എന്ന കാരണത്താൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്തയും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തന്റെ നാട്ടിലെ 5 കുട്ടികൾക്ക് ടാബ് ലെറ്റുകൾ നൽകാൻ സംവിധായകൻ അരുൺ ഗോപി ഒരുങ്ങിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
“ഓൺലൈൻ ക്ലാസുകൾ എന്ന ആശയം അഭിനന്ദനാർഹമാണ് സംശയമില്ല…!! പക്ഷെ ഈ അദ്ധ്യയനവർഷം ഓൺലൈൻ വഴി തുടങ്ങുന്നു എന്ന് കേട്ടപ്പോൾ മുതൽ മനസ്സിലൊരു സങ്കടമുണ്ടായിരുന്നു… ഇതൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത ഇതൊന്നും കെട്ടുപോലും പരിചിതമില്ലാത്ത എത്രയോ കുട്ടികൾ കുടുംബങ്ങൾ ഈ നാട്ടിലുണ്ടെന്നു..!! എന്റെ ഗ്രാമമായ ഇടവയിൽ ഭൂരിപക്ഷം കുട്ടികൾക്കും ഈ ഓൺലൈൻ സാധ്യതകൾ ഒരു പക്ഷെ അന്യമായിരിക്കും എന്നെനിക്കുറപ്പാണ്.. അവരെ ഓർത്തു മനസ്സ് വിഷമിച്ചിരുന്നു..!! നമ്മുക്കൊപ്പം സർക്കാരുണ്ട് ശെരിയാണ് പക്ഷെ അവിടെയും ചില പരിമിതികളുണ്ടല്ലോ… അതിനെ മറികടക്കാൻ നമ്മൾ തന്നെ ഇറങ്ങണം… എറണാകുളത്തിന്റെ പ്രിയ MP സുഹൃത്തായ ഹൈബിയുടെ ഈ ആശയം അഭിനന്ദനാർഹമാണ്… തീർച്ചയായും ഞാനുമിതു ഏറ്റെടുക്കുന്നു. എന്റെ നാട്ടിലെ അർഹരായ 5 കുട്ടികൾക്ക് ടാബ് വാങ്ങി നല്കാൻ ഞാനുമുണ്ട്..!!”
ഇതിന് പിന്തുണയുമായി ഹൈബി ഈഡനും രംഗത്തെത്തിയിട്ടുണ്ട്. 10 വിദ്യാർത്ഥികൾക്ക് ടാബ്ലറ്റുകൾ നൽകുന്ന ഹൈബി ഈഡനെ പിന്തുണച്ചു കൊണ്ടാണ് അരുൺ ഗോപി ഈ പ്രഖ്യാപനം നടത്തിയതും.
മലയാള സിനിമയുടെ പ്രിയ സംവിധായകൻ ശ്രീ. അരുൺ ഗോപി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത അദ്ദേഹത്തിന്റെ നാട്ടിലെ 5 കുട്ടികൾക്ക് ടാബ് ലെറ്റുകൾ നൽകാനുള്ള സന്നദ്ധത അറിയിച്ച്, നമ്മുടെ ഉദ്യമത്തിന് പിന്തുണ നൽകിയിരിക്കുകയാണ്..
ഇനിയും നഷ്ടപ്പെടാത്ത മനുഷ്യത്വം നമ്മുടെ മനസുകളിലുണ്ട് എന്ന് നാം തെളിയിക്കേണ്ട സമയമാണ്. നമ്മുടെ നാട്ടിൽ ഇനിയൊരു കുട്ടി, പഠന സൗകര്യമില്ലാതെ ആത്മഹത്യ ചെയ്യരുത്..
നമുക്കൊരുമിക്കാം….