മോഹൻലാൽ നായകനായി എത്തിയ ചിത്രം ആറാട്ട് സ്ഫൂഫ് സിനിമയായി ഒരുക്കാൻ ഇരുന്നതായിരുന്നെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. കഥയുടെ ആശയം കേട്ടപ്പോൾ മോഹൻലാലിനും അതിൽ താൽപര്യം തോന്നിയിരുന്നു. എന്നാൽ പിന്നീട് വന്ന ചില ആശങ്കകൾ മൂലം കഥ മാറ്റേണ്ടി വരികയായിരുന്നെന്നും ബി ഉണ്ണിക്കൃഷ്ണൻ തുറന്നു പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിക്കൃഷ്ണൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ആറാട്ട് തന്റെ സോണിലുള്ള സിനിമ ആയിരുന്നില്ലെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
‘നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രവുമായി ഉദയകൃഷ്ണയാണ് എന്നെ സമീപിക്കുന്നത്. ഞങ്ങൾ രണ്ടുപേരും അതിൽ ഇരുന്ന് വർക്ക് ചെയ്തപ്പോൾ ഇതൊരു സ്പൂഫ് ഫിലിം ആക്കിയാലോ എന്നെനിക്ക് തോന്നി. ലാല്‍ സാറിന്റെ സൂപ്പര്‍ സ്റ്റാര്‍ഡം ഉണ്ടാക്കിയ ചില സിനിമകള്‍ പുള്ളിയെ കൊണ്ട് തന്നെ സ്പൂഫ് ചെയ്യിക്കുകയാണെങ്കില്‍ ഭയങ്കര രസകരമായിരിക്കും. വേറെ ഒരു ആക്ടറോട് പോയി പറഞ്ഞാല്‍ ഒരു പക്ഷേ ഇങ്ങനൊരാശയം സമ്മതിക്കില്ല. ‘. ലാൽസാറിനോട് പറഞ്ഞപ്പോൾ ചെയ്യാമെന്ന് ആയിരുന്നു മറുപടി.
സിനിമ മുഴുവൻ ആ സ്പൂഫ് മോഡ് വേണമായിരുന്നു. എന്നാൽ അവിടെ തെറ്റു പറ്റിയെന്നും സെക്കൻഡ് ഹാഫിൽ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് നമ്മൾ പോയെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അങ്ങനെ ഒരു ട്രാക്കിലേക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്ലാൻ ചെയ്തത് ഫുൾ ഓൺ സ്ഫൂഫ് ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലാൽ സാർ അല്ലാതെ മറ്റ് ചിലരോട് ഇക്കാര്യം പറഞ്ഞപ്പോൾ ലാല്‍ സാറിനെ വച്ച് ഹെവി ആയി ഒരു സിനിമ ചെയ്യുമ്പോള്‍ കംപ്ലീറ്റ് സ്പൂഫാണെങ്കില്‍ ആളുകള്‍ എന്തു പറയുമെന്ന് നിരവധി പേർ ചോദിച്ചു. ആ ചോദ്യം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. അങ്ങനെയാണ് പിന്നെ ആ കഥ മാറ്റിയതെന്നും ആ സ്പൂഫ് തനിക്ക് ഇഷ്ടമായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ചിത്രത്തിൽ ആഡ് ചെയ്ത പല സ്പൂഫ് രംഗങ്ങളും വർക്കായില്ലെന്നും നെയ്യാറ്റിൻകര ഗോപൻ ഏജന്റ് ആണെന്ന് പറയുന്നത് ആളുകൾക്ക് ബാലിശമായി തോന്നി. ഏജന്റ് ഫാക്ടര്‍ ഫണ്ണിയായിക്കോട്ടെ എന്ന് വിചാരിച്ചാണ് എക്സ് എന്നൊക്കെ ഞാന്‍ ഇട്ടത്. പക്ഷേ അതൊക്കെ സീരിയസ് ആയി പോയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.