മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്നു. അതേസമയം, പുതിയ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. മോഹൻലാൽ ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിനെ പറ്റി ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിയില്ല. എഴുത്ത് നടക്കുന്നതേയുള്ളൂവെന്നും സിനിമയിലെ നായകൻ, മറ്റു കഥാപാത്രങ്ങൾ, ടൈറ്റിൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കുടുംബ പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങുന്നത്. വൈകാരിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് സിനിമയുടേതെന്നും ആദ്യഘട്ട രചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ഒന്നര വർഷത്തോളമായി ദേവദത്ത് ഷാജിയും താനും ഈ സിനിമയുടെ ചർച്ചകളിലും എഴുത്ത് പണികളിലും ആണെന്നും അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവൻ, കെ ആർ കൃഷ്ണകുമാർ, മുഹമ്മദ് ഷാഫി എന്നിവർക്കൊപ്പവും സിനിമകൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി കഴിഞ്ഞ ദിവസമാണ് ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്മ പർവ്വത്തിൽ അമൽ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്സി’ൽ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ദേവദത്ത് ഷാജി. ‘ജാനെമൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘വികൃതി’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ ചിയേഴ്സ് എൻറർടെയ്ൻമെൻറ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.