അപ്രതീക്ഷിതമായി എത്തിയ അതിഥി നൽകിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ ബിജുകുമാർ ദാമോദരൻ. സോഷ്യൽ മീഡിയയിലാണ് തന്റെ സന്തോഷം സംവിധായകൻ പങ്കുവെച്ചത്. നിലവിൽ വീട് പണിയുടെ തിരക്കിലാണ് ഡോക്ടർ ബിജു. വീടുപണി എന്തായി എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കാറുള്ള ഇന്ദ്രൻസ് ഇടയ്ക്ക് അങ്ങോട്ട് വരുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞദിവസം വളരെ അപ്രതീക്ഷിതമായാണ് ഇന്ദ്രൻസ് എത്തിയത്. ജോലിക്കാർക്കൊപ്പം ഫോട്ടോയെടുത്ത ഇന്ദ്രൻസ് സ്നേഹത്തോടെ നിർബന്ധപൂർവം ഒരു സമ്മാനം കൈയിൽ വെച്ച് നൽകുകയും ചെയ്തെന്നും ബിജുകുമാർ കുറിച്ചു.
സോഷ്യൽ മീഡിയയിൽ സംവിധായകൻ ബിജുകുമാർ ദാമോദരൻ പങ്കുവെച്ച കുറിപ്പ്, ‘അപ്രതീക്ഷിത അതിഥി അപ്രതീക്ഷിതമായി ഇന്ദ്രൻസേട്ടനും മകൻ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി. വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ്. ഇന്നിപ്പോൾ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി. വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു. അവിടെ ഉണ്ടായിരുന്ന ജോലിക്കാർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു. വലിയ സന്തോഷം ഉള്ള ഒരു ദിവസം. വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ്. കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാൻ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിർബന്ധപൂർവം കയ്യിൽ വെച്ച് തന്നു….. ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക..’
ഇന്ദ്രൻസിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത ‘വെയിൽമരങ്ങൾ’ എന്ന ചിത്രം നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സിംഗപ്പൂർ ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കിയിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരവും നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു വെയില് മരങ്ങള്‍.
View this post on Instagram