ദൃശ്യം മൂന്നിനെക്കുറിച്ച പ്രചരിക്കുന്ന ഊഹാപോഹ കഥകൾ തള്ളിക്കളഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം നിർമിക്കാൻ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നത്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നിൽ അവതരിപ്പിച്ചെന്നും ഇത് ഇഷ്ടപ്പെട്ട ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ തിരക്കഥാരചനയിൽ ആണെന്നും ആയിരുന്നു റിപ്പോർട്ടുകൾ. അടുത്ത വര്‍ഷം ചിത്രം നിര്‍മ്മിക്കപ്പെടുമെന്നും ബോളിവുഡ് എന്റര്ടെയ്ന്മെന്റ് വെബ് സൈറ്റ് ആയ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇത് പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.
ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ ആലോചനയിൽ ഉണ്ടെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജീത്തു പറഞ്ഞു. ദ ഫോർത്തിനോട് ആണ് ജീത്തു ഇക്കാര്യം പറഞ്ഞത്. ദൃശ്യം മൂന്നിനായി പുറത്തുനിന്ന് കഥ എടുക്കില്ലെന്നും കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ലെന്നും ജീത്തു പറഞ്ഞു. എല്ലാം ഒത്തു വരുമ്പോൾ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത്. അതുകൊണ്ടു തന്നെ എപ്പോൾ എങ്ങനെയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജീത്തു വ്യക്തമാക്കി.
2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ ദൃശ്യം സിനിമാലോകം തന്നെ കീഴടക്കുകയായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്. ആദ്യ ഭാഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി.