റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനെ അഭിനയിപ്പിക്കുന്നതിനോട് തന്റെയും സിദ്ധിഖിന്റേയും സുഹൃത്തുക്കളില്‍ ആര്‍ക്കും താല്പര്യമില്ലായിരുന്നുവെന്ന് സംവിധായകന് ലാല്‍. ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നുവെന്നും ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന സംവിധായകന് ഫാസിലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ താരങ്ങളില്‍ എത്തിയതെന്നും, മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ആലോചനയെന്നും പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്ക് ഞങ്ങളുടേതല്ലേ നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്ക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു എന്നും. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്’-ലാല്‍ പറഞ്ഞു.
തങ്ങളുള്‍പ്പെടെ രണ്ടാം നിര നടന്മാര്ക്ക് വലിയ ഊര്‍ജ്ജം നല്കിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിംഗ് എന്ന് മുകേഷ് പറഞ്ഞു. സായ്കുമാര്, മുകേഷ്, ഇന്നസെന്റ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിദ്ധിഖ് ലാല്‍ കൂട്ടുകട്ടിന്റെ ആദ്യ ചിത്രമായിരുന്നു റാം ജിറാവ് സ്പീക്കിംഗ്. തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഫാസിലിനൊപ്പം ഔസേപ്പച്ചനും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു.
ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’ റിലീസിനൊരുങ്ങുകയാണ്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ കോസ്റ്റ്യൂം ഡിസൈന്‍ പ്രവീണ്‍ വര്‍മയാണ്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11നാണ് സുനാമി തീയറ്ററുകളില്‍ എത്തുന്നത്.